ചില മാന്യ സ്ത്രീകള്‍ സ്വയം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുകയാണെന്ന് കെ.പി.എ മജീദ്
മുസ്ലിം ലീഗിലെ വനിതാ സ്ഥാനാര്‍ഥിയെന്ന രീതിയില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കടുത്ത നിലപാടുമായി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്

മുസ്ലിം ലീഗിലെ വനിതാ സ്ഥാനാര്‍ഥിയെന്ന രീതിയില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കടുത്ത നിലപാടുമായി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ചില മാന്യ സ്ത്രീകള്‍ സ്വയം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുകയാണ്. മാധ്യമങ്ങളില്‍ ആരുടെയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കില്‍ അവര്‍ നിരാശരാകേണ്ടി വരുമെന്നും മജീദ് കണ്ണൂരില്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ വനിതകളെ മത്സരിപ്പിക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ലീഗ് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയ വഴി നടക്കുന്ന പ്രചാരണങ്ങള്‍ ശരിയല്ലന്നും ജനറല്‍ സെക്രട്ടറി കെ.പി എ മജീദ് പറഞ്ഞു. പാര്‍ട്ടിയുടെ തീരുമാനം എന്തായാലും പൂര്‍ണമായി അംഗീകരിക്കുമെന്ന് വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാടും വ്യക്തമാക്കി.
'നിയമസഭാ തെരഞ്ഞെടുപ്പ് വരികയാണ്. അതിന് മുമ്പായി പല അഭ്യൂഹങ്ങളും പടരുന്നുണ്ട്. ചില മാന്യ സ്ത്രീകൾ അവരുടെ പേരു തന്നെ കൊടുത്ത് അവർ സ്ഥാനാർത്ഥിയാണ് എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ കൊടുത്തു കൊണ്ടിരിക്കുന്നുണ്ട്. ഞാൻ ആധികാരികമായി നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. മുസ്ലിംലീഗ് പാർട്ടി ഏതെങ്കിലും ഒരു മണ്ഡലത്തിൽ വനിതകളെ നിർത്തുന്നതുമായി ബന്ധപ്പെട്ട് ഔപചാരികമായോ അനൗപചാരികമായോ ഉള്ള ഒരു ചർച്ചയും നടത്തിയിട്ടില്ല. സോഷ്യൽ മീഡിയയിൽ ആരുടെയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കിൽ അവർക്കെല്ലാം നിരാശരാകേണ്ടി വരും. വനിതകൾക്ക് അംഗീകാരം കൊടുക്കണമെന്ന് പാർട്ടി തീരുമാനിച്ചാൽ ആ തീരുമാനം വരും. എല്ലാവർക്കും അർഹമായ അംഗീകാരം കൊടുക്കും' -കെപിഎ മജീദ്
ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇത്തവണ വനിതാ പ്രതിനിത്യം ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലന്നാണ് ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. വനിതാ സ്ഥാനാര്‍ത്ഥികളെ ഉയര്‍ത്തി കാട്ടി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങളെയും നേതൃത്വം പൂര്‍ണമായി തളളിക്കളയുന്നു. ഖമറുന്നിസ അന്‍വറിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് ഇതുവരെ വനിതകളെ മത്സരരംഗത്ത് ഇറക്കിയിട്ടില്ല.അതുകൊണ്ട് തന്നെ ഇത്തവണ വനിതകള്‍ക്ക് പ്രാതിനിധ്യം ഉണ്ടാകുമെന്നാണ് വനിതാലീഗിന്റെ പ്രതീക്ഷ. എന്നാല്‍ ഇക്കാര്യത്തില്‍ കടുംപിടുത്തത്തിനില്ലെന്നും ഇവര്‍ പറയുന്നു.
ഇതിനിടെ ചേലക്കര മണ്ഡലത്തില്‍ ദളിത് ലീഗ് നേതാവ് ജയന്തി രാജനെ മത്സരിപ്പിക്കണമെന്ന ആവശ്യം ചില കോണുകളില്‍നിന്ന് ഉയര്‍ന്നു വന്നിട്ടുണ്ട്. ഈ മാസം 25 ന് ചേരുന്ന ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തിലാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക.