LiveTV

Live

Kerala

കളമശ്ശേരിയില്‍ കോണ്‍ഗ്രസും ലീഗും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വം ഇടപെടുന്നു

ഇരുവിഭാഗത്തെയും അനുനയിപ്പിച്ച് മുന്നോട്ട് പോകാനാണ് നീക്കം. ബുധനാഴ്ച ചേരുന്ന ജില്ലാ നേതൃയോഗം വിഷയം ചര്‍ച്ച ചെയ്യും

കളമശ്ശേരിയില്‍ കോണ്‍ഗ്രസും ലീഗും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വം ഇടപെടുന്നു

കളമശ്ശേരി നഗരസഭയില്‍ കോണ്‍ഗ്രസും ലീഗും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വം ഇടപെടുന്നു. ഇരുവിഭാഗത്തെയും അനുനയിപ്പിച്ച് മുന്നോട്ട് പോകാനാണ് നീക്കം. ബുധനാഴ്ച ചേരുന്ന ജില്ലാ നേതൃയോഗം വിഷയം ചര്‍ച്ച ചെയ്യും.

കളമശേരി 37ആം വാര്‍ഡിലെ തെരഞ്ഞെടുപ്പോടെയാണ് യു.ഡി.എഫിലെ പ്രശ്നങ്ങള്‍ പരസ്യമായത്. ലീഗ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാവ് ജമാല്‍ മണക്കാടന്‍ വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തിയെന്ന് ലീഗ് ആരോപിച്ചിരുന്നു. ഫലം വന്നപ്പോള്‍ ലീഗ് സ്ഥാനാര്‍ഥി 64 വോട്ടിന് പരാജയപ്പെട്ടതും വിമത സ്ഥാനാര്‍ഥി 200ലേറെ വോട്ട് നേടിയതുമാണ് ലീഗിനെ ചൊടിപ്പിച്ചത്. എന്നാല്‍ തോല്‍വിക്ക് കാരണം ലീഗിലെ ഗ്രൂപ്പിസമാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. നഗരസഭയില്‍ യു.ഡി.എഫിന് 21 സീറ്റും എല്‍.ഡി.എഫിന് 20 സീറ്റുമാണുമാണ് ഉള്ളത്.

ലീഗിന്‍റെ മൂന്ന് സീറ്റ് ഭരണത്തില്‍ നിര്‍ണായകമാണ്. മലബാറിന് പുറത്തുള്ള ലീഗിന്‍റെ ഏക സീറ്റാണ് കളമശ്ശേരി മണ്ഡലം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കടുത്ത നിലപാടിലേക്ക് പോകേണ്ടെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ തീരുമാനം. ബുധനാഴ്ചയാണ് പുതിയ ഭരണസമിതിയുടെ ആദ്യ കൌണ്‍സില്‍. ലീഗ് ഇടഞ്ഞുതന്നെ നിന്നാല്‍ പ്രധാന അജണ്ടകളൊന്നും പാസാക്കാനാകാതെ വരും. വിഷയം 27ന് ചേരുന്ന യു.ഡി.എഫ് ജില്ലാ നേതൃയോഗം ചര്‍ച്ച ചെയ്യുന്നുണ്ട്.