LiveTV

Live

Kerala

സുപ്രഭാതം മുഖപ്രസംഗം സത്യവിശ്വാസികള്‍ അംഗീകരിക്കില്ലെന്ന് പി.ജയരാജന്‍

മുഖപ്രസംഗം ആ സംഘടനയിലെ ലീഗ് അനുകൂല വിഭാഗത്തിന്റെ പ്രചാരണതന്ത്രവും സമൂഹത്തിന്റെ ചർച്ചയ്ക്കു വിധേയമാക്കേണ്ടതാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ജയരാജന്‍ പറയുന്നു.

സുപ്രഭാതം മുഖപ്രസംഗം സത്യവിശ്വാസികള്‍ അംഗീകരിക്കില്ലെന്ന് പി.ജയരാജന്‍

ഇ.കെ സമസ്ത മുഖപത്രം സുപ്രഭാതം ജനുവരി 22ന് വെള്ളിയാഴ്ച പ്രസിദ്ധികരിച്ച മുഖപ്രസംഗത്തിനെതിരെ സിപിഎം നേതാവ് പി.ജയരാജന്‍. മുഖപ്രസംഗം ആ സംഘടനയിലെ ലീഗ് അനുകൂല വിഭാഗത്തിന്റെ പ്രചാരണതന്ത്രവും സമൂഹത്തിന്റെ ചർച്ചയ്ക്കു വിധേയമാക്കേണ്ടതാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ജയരാജന്‍ പറയുന്നു. ലീഗ്‌ നേതാക്കളുടെ നിലനിൽപിനായി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ്‌ ജയിക്കണമെന്നാണ്‌ ഇവർ പ്രചരിപ്പിക്കുന്നത് എങ്കിലും ന്യൂനപക്ഷ മതവിശ്വാസികളടക്കം ആഗ്രഹിക്കുന്നത്‌ ഇടതുപക്ഷം ജയിക്കണമെന്നാണെന്നും ജയരാജന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം;

സ്‌കെഎസ്എസ്എഫിന്റെ ഉടമസ്ഥതയിലുള്ള സുപ്രഭാതം പത്രം ജനുവരി 22ന് വെള്ളിയാഴ്ച പ്രസിദ്ധികരിച്ച മുഖപ്രസംഗവും ആ സംഘടനയിലെ ലീഗ് അനുകൂല വിഭാഗത്തിന്റെ പ്രചാരണതന്ത്രവും സമൂഹത്തിന്റെ ചർച്ചയ്ക്കു വിധേയമാക്കേണ്ടതാണ്.കോൺഗ്രസ് മുക്തകേരളം ആർഎസ്എസ് അജണ്ടയാണെന്ന കോൺഗ്രസ് പ്രചാരണം അപ്പടി വിഴുങ്ങി കൊണ്ടുള്ളതാണ്‌ മുഖപ്രസംഗം.മാത്രവുമല്ല ഇന്ത്യയുടേയും കേരളത്തിന്റെയും വർത്തമാനകാല വസ്തുതകളെ മൂടി വെക്കുന്നതുമാണിത്.

അതുകൊണ്ടുതന്നെ സത്യവിശ്വാസികൾക്ക് ഇത് അംഗീകരിക്കാൻ ആവില്ല.മുസ്ലിങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരും ത്രിവിധ ദോഷങ്ങളാണെന്നും അവരെ തുടച്ചു നീക്കണമെന്നും ഗോൾ വാൾക്കർ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.‌ഇതാണ്‌ ആർ എസ്‌ എസ്‌ അജണ്ട.ഏത് കാര്യത്തിലും ബിജെപി അനുകൂല നിലപാടെടുക്കുന്ന കോൺഗ്രസ്സിനെ മുഖ്യശത്രുവായി കാണേണ്ട ആവശ്യം അവർക്കെന്താണ്‌.ബിജെപിക്ക്‌ അധികാര കസേര ഉറപ്പിക്കാൻ എതിർക്കുന്നവരെയാകെ തകർക്കലാണ്‌ ലക്‌ഷ്യം.അതിൽ ഇടതുപക്ഷക്കാരും കോൺഗ്രസ്സുകാരുമുൾപ്പെടും.

കോൺഗ്രസ് എന്ന വലിയ പാർട്ടി ഇന്നത്തെ നിലയിലേക്ക് ശോഷിച്ചത് അതിന്റെ ജനവിരുദ്ധ നയങ്ങളുടെ കൂടി ഫലമായാണ്.അല്ലാതെ ആർഎസ്എസ് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല.കോൺഗ്രസിന്റെ ശോഷിപ്പ് ആർഎസ്എസ് പ്രയോജനപ്പെടുത്തി എന്നതാണ് വസ്തുത .കോൺഗ്രസിന്റെ ജനവിരുദ്ധ നയങ്ങളും ചാഞ്ചാട്ട സ്വഭാവവും ഇപ്പോഴും തുടരുകയാണ് .അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് കോവിഡ് കാലത്തുപോലും വർഗ്ഗീയത ഇളക്കിവിടാൻ മോദി നടത്തിയ രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിനോട് കോൺഗ്രസ് നേതൃത്വം കൈക്കൊണ്ട നിലപാട് .അതിനെ എതിർത്തില്ലെന്നു മാത്രമല്ല ,ആ ചടങ്ങിൽ തങ്ങളെകൂടി ക്ഷണിക്കേണ്ടിയിരുന്നു എന്ന പരിഭവം പറച്ചിലാണ് നേതൃത്വത്തിൽ നിന്നും ഉണ്ടായത് .ഇവിടെയാണ് ഇടതുപക്ഷത്തിന്റെ ഉറച്ച നിലപാട് നാം കേട്ടത് .അതുകൊണ്ടാണ് മതനിരപേക്ഷകതയ്ക്കായുള്ള പോരാട്ടത്തിൽ ഇടതുപക്ഷമാണ് ശരി എന്ന നിലപാടിലേക്ക് നാനാ വിശ്വാസികൾ എത്തിച്ചേർന്നത് .

പൗരാവകാശങ്ങൾ ഇല്ലാതാക്കിക്കൊണ്ട് ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അതിനെതിരെയായ ജനാതിപത്യ ശക്തികളുടെ മുന്നേറ്റമാണ് നീണ്ട 30വർഷക്കാലത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ചത്. തുടർന്ന് ജനതാപാർട്ടി ഗവൺമെന്റ് അധികാരത്തിലെത്തി.ആർഎസ്എസുകാരും ആർഎസ്എസ് വിരുദ്ധരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഇടതുപക്ഷം ഉറച്ച ആർഎസ്എസ് വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടുണ്ട് .പിന്നീട് വി പി സിങ് ഗവൺമെന്റ് അധികാരത്തിൽ വന്നപ്പോൾ ബിജെപിക്ക് മന്ത്രിമാർ ഇല്ലാതിരുന്നതും ഇടതു പക്ഷ നിലപാടിന്റെ ഫലമാണ് .മാത്രവുമല്ല അദ്വാനിയുടെ രഥഘോഷയാത്ര തടഞ്ഞതിന്റെ പേരിൽ വി പി സിങ് ഗവൺമെന്റിനെ താഴത്തിറക്കാൻ ബിജെപിക്കൊപ്പം കൊൺഗ്രെസ്സുകൂടി ചേർന്നു എന്നതാണ് ചരിത്രം .ഈ ചരിത്രവും വർത്തമാനകാലവും നന്നായറിയുന്ന സമസ്തയിലെ പ്രതികരണ ശേഷിയുള്ളവർ കോൺഗ്രസിന്റെ വാലായി മത സംഘടനകൾ മാറുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുക സ്വാഭാവികം.അവരോടുള്ള പരിഹാസ്യമായ മറുവാദമാണ് മുഖ പ്രസംഗത്തിലുള്ളത്.“സുപ്രഭാതത്തിൽ ഇരുട്ട് പരത്താനുള്ള നീക്കം !

കേരളത്തിലെ കോൺഗ്രെസ്സുകാരും മറ്റു സംസ്ഥാനങ്ങളിലേതു പോലെ ബിജെപി പാളയത്തിൽ പോകാതിരിക്കാൻ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്യണമെന്നാണ് മുഖ പ്രസംഗത്തിലെ ആഹ്വാനം .ഈ ആഹ്വനം ചിന്താ ശേഷിയുള്ള സമസ്തയിലുള്ളവരടക്കം പരിഹസിച്ചു തള്ളും.

പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഫാസിസത്തിനെതിരെ പോരാടാൻ 19 യുഡിഎഫുകാരെ ജയിപ്പിച്ചതിന്റെ ഫലം എന്തായി എന്ന് ജനങ്ങൾ ചിന്തിച്ചു തുടങ്ങി.മുത്തലാഖ് ബിൽ,ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് പോലുള്ള പ്രധാന സമയങ്ങളിൽ വിമാനം കിട്ടിയില്ലെന്ന് പറഞ് പാർലമെന്റിൽ പങ്കെടുക്കാതെ കല്യാണ വീട്ടിൽ ബിരിയാണി തിന്നാൻ പോയ ആളുകളാണ് ഗീർവാണം അടിക്കുന്നത്.ഏറ്റവുമൊടുവിൽ രാജ്യത്തിന് അന്നം നൽകുന്ന കർഷകർ ഡൽഹിയിൽ ജീവന്മരണ പോരാട്ടം നടത്തുമ്പോൾ ഒരൊറ്റ കോൺഗ്രസ്സ്-ലീഗ് എംപിമാരെയും നേതാക്കളെയും ആ വഴിക്ക് കണ്ടില്ല.സിപിഐഎം നേതാക്കളും പ്രവർത്തകരും ഇപ്പോളും സമരമുഖത്ത് കർഷകർക്കൊപ്പമുണ്ട്.

ഇപ്പോൾ ഫാസിസത്തിനെതിരായ ജൂദ്ധം മതിയാക്കി കേരളത്തിലേക്ക് മടങ്ങാനാണത്രെ യുഡിഎഫ് എംപി മാർക്ക് താല്പര്യം.നമ്മുടെ നാട് നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെടുക എന്നതല്ല എങ്ങനെയെങ്കിലും അധികാരം നേടുക എന്ന ചിന്തയാണ് ഇവരെ നയിക്കുന്നത്. ലീഗ്‌ നേതാക്കളുടെ നിലനിൽപിനായി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ്‌ ജയിക്കണമെന്നാണ്‌ ഇവർ പ്രചരിപ്പിക്കുന്നത് എങ്കിലും ന്യൂനപക്ഷ മതവിശ്വാസികളടക്കം ആഗ്രഹിക്കുന്നത്‌ ഇടതുപക്ഷം ജയിക്കണമെന്നാണ്‌.

ഇതൊക്കെ ഈ നാട് കാണുകയും മനസിലാക്കുകയും ചെയ്യുന്നുണ്ട് എന്ന് മാത്രമേ പറയാനുള്ളൂ...