LiveTV

Live

Kerala

ആരാകും ലീഗിന്‍റെ വനിതാ സ്ഥാനാര്‍ഥി?

ഇത്തവണ ലീഗിന് ഒരു വനിതാ സ്ഥാനാര്‍ഥിയെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വനിതാലീഗ്

ആരാകും ലീഗിന്‍റെ വനിതാ സ്ഥാനാര്‍ഥി?

നിയമസഭാ സീറ്റിനായി മുസ്‌ലിം ലീഗിലെ വനിതാ നേതാക്കള്‍ ശക്തമായ സമ്മര്‍ദ്ദം തുടരുമ്പോഴും ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം ഇനിയും തീരുമാനമെടുത്തിട്ടില്ല.

വനിതകളെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയാണെങ്കില്‍ മുതിര്‍ന്ന വനിതാ ലീഗ് നേതാക്കളില്‍ ഒരാളെ മത്സരിപ്പിക്കാനാണ് സാധ്യത. 1996 ല്‍ കോഴിക്കോട് സൗത്തില്‍ ഖമറുന്നീസ അന്‍വര്‍ മത്സരിച്ച് തോറ്റത് ഒഴിച്ചാല്‍ ലീഗ് ഇതുവരെ വനിതകള്‍ക്ക് സീറ്റ് നല്‍കിയിട്ടില്ല. എല്ലാ തെരഞ്ഞെടുപ്പു കാലത്തും വനിതാ ലീഗ് നേതാക്കള്‍ സീറ്റിനായി രംഗത്തുവരുമെങ്കിലും നിരാശയാണ് ഫലം.

ഇത്തവണ ലീഗിന് ഒരു വനിതാ സ്ഥാനാര്‍ഥിയെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വനിതാലീഗ്. ഈ ആവശ്യവുമായി ലീഗ് നേതൃത്വത്തെ വനിതാലീഗ് പലവട്ടം സമീപിച്ചെങ്കിലും ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ല.

സാധ്യതാപട്ടികയില്‍ ആരൊക്കെ?

സീറ്റിനായി വനിതാ ലീഗ് നേതാക്കളില്‍ പലരും ശക്തമായ സമ്മര്‍ദ്ധവുമായി രംഗത്തുണ്ട്. വനിതയെ മത്സരിപ്പിക്കണമോ എന്ന കാര്യത്തില്‍ ലീഗ് നേതൃത്വം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. വനിതകളെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനമെങ്കില്‍ വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.നൂര്‍ബിനാ റഷീദ്, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി കുല്‍സു, സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട് എന്നിവരില്‍ ഒരാള്‍ക്ക് നറുക്ക് വീഴും.

ആരാകും ലീഗിന്‍റെ വനിതാ സ്ഥാനാര്‍ഥി?

1-നൂര്‍ബിന റഷീദ്

വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി യാണ് അഡ്വ. നൂര്‍ബിന റഷീദ്.

കോഴിക്കോട് അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന നൂര്‍ബിന വനിതാ കമ്മീഷന്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വനിതാ ലീഗിന്റെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയായ നൂര്‍ബിന പാര്‍ട്ടി വേദികളിലെ അറിയപ്പെടുന്ന മുഖമാണ്. സീനിയോറിറ്റിയും സംഘാടന ശേഷിയും പരിഗണിച്ചാല്‍ നൂര്‍ബിനക്ക് നറുക്ക് വീഴും.

ആരാകും ലീഗിന്‍റെ വനിതാ സ്ഥാനാര്‍ഥി?

2- സുഹറ മമ്പാട്

വനിതാ ലീഗ് സംസ്ഥാന അധ്യക്ഷയാണ് സുഹറ മമ്പാട്.‌ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി മികച്ച പ്രവര്‍ത്തനം നടത്തുകയും ദേശീയ അംഗീകാരം നേടുകയും ചെയ്തിട്ടുണ്ട്. മലപ്പുറത്ത് നിന്നുള്ള ആളെയാണ് പരിഗണിക്കുന്നതെങ്കില്‍ സുഹറ മമ്പാടിനാകും പ്രഥമ പരിഗണന. മുജാഹിദിന്റെ വനിതാ സംഘടനയായ MGM ന്റെ അധ്യക്ഷ സ്ഥാനവും സുഹറ വഹിച്ചിട്ടുണ്ട്.

ആരാകും ലീഗിന്‍റെ വനിതാ സ്ഥാനാര്‍ഥി?

3- അഡ്വ. പി കുല്‍സു

വനിതാ ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് അഡ്വ. പി കുല്‍സു. പയ്യോളി നഗരസഭാ ചെയര്‍പേഴ്സണ്‍ പദവി വഹിച്ചിട്ടുള്ള കുല്‍സു നിരവധി ജീവകാരുണ്യ സംരംഭങ്ങളുടെ കൂടി ഭാഗമാണ്.നൂര്‍ബിനയെയും സുഹറ മമ്പാടിനെയും പരിഗണിച്ചില്ലെങ്കില്‍ കുല്‍സുവിനാണ് അടുത്ത സാധ്യത.

ആരാകും ലീഗിന്‍റെ വനിതാ സ്ഥാനാര്‍ഥി?

4- ഫാത്തിമ തഹ്‍ലിയ

എം.എസ്.എഫിന്‍റെ വിദ്യാര്‍ഥിനി സംഘടനയായ ഹരിതയുടെ സ്ഥാപക അധ്യക്ഷയായ ഫാത്തിമ തഹ്‌ലിയയെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തുള്ളത് പി.കെ ഫിറോസും എം.കെ മുനീറുമാണ്.

എം.എസ്.എഫിന്‍റെ ദേശീയ വൈസ് പ്രസിഡന്‍റായ ഫാത്തിമ തഹ്‍ലിയ ടെലിവിഷന്‍ ചര്‍ച്ചകളില്‍ പാര്‍ട്ടിയുടെ വനിതാ മുഖമാണ്. കോഴിക്കോട് സൗത്ത്, പേരാമ്പ്ര മണ്ഡലങ്ങളിലൊന്ന് തഹ്‍ലിയക്ക് നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. പേരാമ്പ്രയിലെ യൂത്ത് ലീഗ് നേതൃത്വം ഇതിനകം തന്നെ തഹ്‍ലിയയെ മത്സരിപ്പിക്കുന്നതിനോടുള്ള എതിര്‍പ്പ് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്.

സീറ്റ് ലഭിക്കാനായി മധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് സമ്മര്‍ദ്ധമുണ്ടാക്കുന്ന തഹ്‍ലിയയുടെ സമീപനം സംഘടനാ വിരുദ്ധമാണെന്ന നിലപാടുമായി വനിതാ ലീഗ് നേതാക്കളും പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ മുതിര്‍ന്ന ലീഗ് നേതാക്കള്‍ക്കും അമര്‍ഷമുള്ളതായാണ് വിവരം. മുഖ്യമന്ത്രിയെക്കുറിച്ച് നടത്തിയ 'അതിരുകടന്ന ' പരാമര്‍ശവും തഹ്‍ലിയക്കെതിരായി എതിര്‍പക്ഷക്കാര്‍ ഉപയോഗിക്കുന്നുണ്ട്.

തിരുവനനന്തപുരം മേയറായി കോളജ് വിദ്യാര്‍ഥിനിയെ സിപിഎം നിയോഗിച്ചത് പരിഗണിച്ച് തഹ്‍ലിയയെ പോലെ ചെറുപ്പക്കാരിയായ ഒരാളെ പാര്‍ലമെന്ററി രംഗത്തേക്ക് കൊണ്ടുവരണമെന്നാണ് പി കെ ഫിറോസും എം കെ മുനീറും പാര്‍ട്ടിയില്‍ മുന്നോട്ട് വെക്കുന്ന ആവശ്യം.

ആരാകും ലീഗിന്‍റെ വനിതാ സ്ഥാനാര്‍ഥി?

5- കെ.പി ജല്‍സീമിയ

വനിതാ ലീഗിന്റെ മലപ്പുറം ജില്ലാ അധ്യക്ഷയായ കെ.പി ജല്‍സീമിയയുടെ പേരും പറഞ്ഞു കേള്‍ക്കുന്നുണ്ട്. മികച്ച സംഘാടകയായ ജല്‍സീമിയ മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷയായും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.