എം.സി ജോസഫൈന്റെ മനോനില പരിശോധിക്കണം, മാനസിക പരിശോധനക്ക് വിധേയയാക്കണം; പി.സി ജോര്‍ജ്
പരാതി നല്കിയ 89 വയസുകാരിക്കെതിരെ വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന് അധിക്ഷേപകരമായി സംസാരിച്ചത് പരാമര്‍ശിച്ചാണ് പി.സി ജോര്‍ജ് പ്രതികരിച്ചത്

വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈന്റെ മനോനില പരിശോധിക്കണമെന്ന് പൂഞ്ഞാര്‍ എം.എൽ.എ പി.സി. ജോർജ്. സർക്കാർ ഇടപെട്ട് അവരെ മാനസിക പരിശോധനയ്ക്ക് വിധേയയാക്കണമെന്നും അത് വരെ വനിതാ കമ്മീഷന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
വനിതാ കമ്മീഷന് പരാതി നല്കിയ പത്തനംതിട്ട റാന്നി കോട്ടാങ്ങൽ സ്വദേശിനിയായ 89 വയസുകാരിക്കെതിരെ വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന് അധിക്ഷേപകരമായി സംസാരിച്ചത് പരാമര്‍ശിച്ചാണ് പി.സി ജോര്‍ജ് പ്രതികരിച്ചത്. പരാതി നല്കിയ വ്യദ്ധയായ ലക്ഷ്മികുട്ടിയമ്മയോട് വനിതാ കമ്മീഷന് നേരിട്ട് ഹാജരാകാൻ നിർബന്ധിച്ചതായാണ് വൃദ്ധയുടെ ബന്ധുവിന്റെ പരാതി. ജോസഫൈനും വൃദ്ധയുടെ ബന്ധുവും തമ്മിലുള്ള ഫോൺ സംഭാഷണവും വൈകാതെ പുറത്തു വന്നിരുന്നു. ഫോണ്‍ സംഭാഷണത്തിലെ എം.സി ജോസഫൈന്റെ അധിക്ഷേപകരമായ സംസാരത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.