LiveTV

Live

Kerala

ആര്‍എസ്എസ് തീരുമാനിച്ചാല്‍ കേരളത്തില്‍ ഭരണത്തുടര്‍ച്ച: സമസ്ത മുഖപത്രം

കിട്ടിക്കൊണ്ടിരിക്കുന്ന വോട്ടില്‍ 70 ശതമാനത്തോളം എവിടേക്കു മറിക്കാനും ആര്‍എസ്എസിന് സാധിക്കുമെന്നും എഡിറ്റോറിയലില്‍ സുപ്രഭാതം ചൂണ്ടിക്കാട്ടുന്നു

ആര്‍എസ്എസ് തീരുമാനിച്ചാല്‍ കേരളത്തില്‍ ഭരണത്തുടര്‍ച്ച: സമസ്ത മുഖപത്രം

കോഴിക്കോട്: കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ലഭിച്ചോട്ടെ എന്ന് ആര്‍എസ്എസ് തീരുമാനിച്ചാല്‍ അത് സംഭവിക്കുമെന്ന് സമസ്ത മുഖപത്രം സുപ്രഭാതം. നിലവില്‍ കിട്ടിക്കൊണ്ടിരിക്കുന്ന വോട്ടില്‍ 70 ശതമാനത്തോളം എവിടേക്കു മറിക്കാനും ആര്‍എസ്എസിന് സാധിക്കുമെന്നും എഡിറ്റോറിയലില്‍ സുപ്രഭാതം ചൂണ്ടിക്കാട്ടുന്നു.

'വോട്ട് ശതമാനത്തിന്റെ ചെറിയ വ്യത്യാസത്തില്‍ പോലും മുന്നണികള്‍ മാറിമാറി അധികാരത്തില്‍ വരുന്ന കേരളത്തില്‍ ഇതുവരെ അധികാരത്തിലെത്താനായിട്ടില്ലെങ്കിലും സംഘ്പരിവാര്‍ വോട്ടുബാങ്ക് ഗണ്യമായ രാഷ്ട്രീയ ശക്തിയാണെന്ന് കഴിഞ്ഞ ചില തെരഞ്ഞെടുപ്പുകള്‍ തെളിയിച്ചിട്ടുണ്ട്. ബി.ജെ.പിക്കു കിട്ടിക്കൊണ്ടിരിക്കുന്ന വോട്ടുകളില്‍ 70 ശതമാനത്തോളം എവിടേക്കു വേണമെങ്കിലും നിഷ്പ്രയാസം മറിക്കാന്‍ ആര്‍.എസ്.എസിനു സാധിക്കും. അത് അതീവ രഹസ്യമായി തന്നെ നിര്‍വഹിക്കാനുള്ള കൃത്യമായ കേഡര്‍ സംഘടനാ സംവിധാനവും അവര്‍ക്കുണ്ട്. കേരളത്തിലെ ഏതെങ്കിലുമൊരു പ്രബല മുന്നണിക്ക് മികച്ച ഭൂരിപക്ഷം ലഭിക്കാന്‍ അതു ധാരാളം മതിയാകും. അതിനു പരസ്യ പിന്തുണയുടെയൊന്നും ആവശ്യവുമില്ല. എല്‍.ഡി.എഫിനു ഭരണത്തുടര്‍ച്ച ലഭിച്ചോട്ടെ എന്ന് ആര്‍.എസ്.എസ് തീരുമാനിച്ചാല്‍ തന്നെ അതു സംഭവിക്കുമെന്നുറപ്പാണ്' - സുപ്രഭാതം എഴുതി.

സംഘ് പരിവാറിന്റെ ചില അജണ്ടകള്‍ ഇടതു സര്‍ക്കാര്‍ നടപ്പാക്കി വരുന്നുണ്ടെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു.

'അണികളെ കൂടെനിര്‍ത്താന്‍ ആര്‍.എസ്.എസിന് കാരണമാക്കാന്‍ പാകത്തില്‍ സംഘ്പരിവാറിന്റെ ചില അജന്‍ഡകള്‍ ഇടതു സര്‍ക്കാര്‍ നടപ്പാക്കിപ്പോരുന്നുമുണ്ട്. 2017ല്‍ ദീനദയാല്‍ ഉപാദ്ധ്യായയുടെ ജന്മശതാബ്ദി ദിനത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രത്യേക പരിപാടികള്‍ നടത്താന്‍ സര്‍ക്കുലറിറക്കിക്കൊണ്ടാണ് അതിനു തുടക്കമിട്ടത്. സസ്യാഹാരം മഹത്തരമെന്നു പ്രഖ്യാപിച്ചും മാംസാഹാരം മ്ലേച്ഛമെന്നു ധ്വനിപ്പിച്ചും പരസ്യമായി സംസാരിക്കുന്നൊരു ബി.ജെ.പി ഇതര വിദ്യാഭ്യാസ മന്ത്രിയുണ്ടായത് കേരളത്തില്‍ മാത്രമാണ്. വിവാദങ്ങള്‍ സൃഷ്ടിച്ച ചില ദലിത്, ന്യൂനപക്ഷ വിരുദ്ധ നടപടികളും ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായി' - പത്രമെഴുതി.

യുഡിഎഫിന് തുടര്‍ച്ചയായി ഭരണം നഷ്ടപ്പെട്ടാല്‍ അതിന്റെ ഗുണഭോക്താവ് ബിജെപിയാകുമെന്നും മുഖപ്രസംഗം പറയുന്നു.

'തുടര്‍ന്നുള്ള അവരുടെ സ്വപ്‌നങ്ങളും യാഥാര്‍ഥ്യമായേക്കും. യു.ഡി.എഫിന് തുടര്‍ച്ചയായി ഭരണം നഷ്ടപ്പെട്ടാല്‍ സംസ്ഥാനത്ത് ശക്തമായ പ്രതിപക്ഷമില്ല എന്ന അവസ്ഥ വരും. ജനാധിപത്യത്തില്‍ അനിവാര്യമായ പ്രതിപക്ഷ റോള്‍ അവര്‍ക്കു നഷ്ടപ്പെടുന്നതോടെ മറ്റൊരു പ്രതിപക്ഷ ചേരിക്കു സാധ്യത തെളിയും. അധികാരവും സമ്പത്തുമുള്ളിടത്തേക്ക് മാറാന്‍ മനഃസാക്ഷി തെല്ലും അലട്ടാത്ത രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും ധാരാളമുള്ള കേരളത്തില്‍ അധികാരപ്രതീക്ഷയില്ലാത്ത യു.ഡി.എഫ് വിട്ടുപോകാന്‍ ധാരാളം ആളുകളുണ്ടാകും. തുടര്‍ച്ചയായ ഭരണം സൃഷ്ടിക്കുന്ന രാഷ്ട്രീയ ജീര്‍ണതയുടെ ആഴം മൂലം എല്‍.ഡി.എഫ് വിട്ടുപോകാനും കാണും ഏറെയാളുകള്‍. ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിന്റെ സ്വാഭാവിക ഗുണഭോക്താക്കള്‍ ബി.ജെ.പിയായിരിക്കുമെന്നതില്‍ രണ്ടു പക്ഷമുണ്ടാവാനിടയില്ല. അവര്‍ക്ക് സംസ്ഥാന ഭരണത്തിലേറാനുള്ള പാത എളുപ്പമാകും' - മുഖപ്രസംഗം തുടരുന്നു.

കോണ്‍ഗ്രസ് മുക്തഭാരതമാണ് ആര്‍എസ്എസിന്റെ അജണ്ടയെന്നും അതു നടപ്പാക്കാനുള്ള രാഷ്ട്രീയ മുഖാവരണം മാത്രമാണ് ബിജെപിയെന്നും സുപ്രഭാതം എഴുതുന്നു.

'കോണ്‍ഗ്രസ് മുക്ത ഭാരതമെന്നത് യഥാര്‍ഥത്തില്‍ ആര്‍.എസ്.എസ് അജന്‍ഡയാണ്. ആര്‍.എസ്.എസിന്റെ അജന്‍ഡകള്‍ നടപ്പാക്കാനുള്ള രാഷ്ട്രീയ മുഖാവരണം മാത്രമാണ് ബി.ജെ.പി. വര്‍ഗീയ, തീവ്രവാദ സംഘടനകള്‍ക്കെല്ലാം രാഷ്ട്രീയ പ്രയോഗങ്ങള്‍ക്കായി ഇത്തരം രാഷ്ട്രീയ മുഖംമൂടികളുണ്ട്. ഈ രാഷ്ട്രീയ രൂപങ്ങളുടെയെല്ലാം കാര്യപരിപാടികള്‍ തീരുമാനിച്ച് പ്രവൃത്തിപഥത്തിലെത്തിക്കുന്നത് പിന്നിലുള്ള വര്‍ഗീയ സംഘടനകളാണ്. വേണ്ടിവന്നാല്‍ ലക്ഷ്യപ്രാപ്തിക്കായി സ്വന്തം രാഷ്ട്രീയ ഉപകരണങ്ങളെ താല്‍ക്കാലികമായി അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിനു പോലും അവര്‍ക്കു മടികാണില്ല.

ഇത് ആര്‍.എസ്.എസ് ദീര്‍ഘകാലമായി പ്രയോഗവല്‍ക്കരിച്ചുകൊണ്ടിരിക്കുന്നൊരു തന്ത്രമാണ്. അജന്‍ഡകളിലേക്കുള്ള വഴിയായി ആരെയും പിന്തുണയ്ക്കാനോ സഹായിക്കാനോ അവര്‍ക്കു മടിയില്ല. അടിയന്തരാവസ്ഥയ്‌ക്കൊടുവില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തകര്‍ത്ത് പ്രതിപക്ഷ ഐക്യത്തില്‍ രൂപം കൊണ്ട ജനതാ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നത് ആര്‍.എസ്.എസിന്റെ കലവറയില്ലാത്ത പിന്തുണകൊണ്ടു കൂടിയായിരുന്നു' - മുഖപ്രസംഗം ചൂണ്ടിക്കാട്ടി.

' തെരഞ്ഞെടുപ്പിനു മുന്നോടിയായി 140 നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പി നടത്തുന്ന പഠനശിബിരങ്ങളിലാണ് സംസ്ഥാന നേതാക്കള്‍ ഈ നിര്‍ദേശം പ്രവര്‍ത്തകര്‍ക്കു നല്‍കുന്നത്. അതിലെ കണക്കുകൂട്ടലുകള്‍ ഏറെ കൃത്യവുമാണ്. കാര്യമായി ഒന്നും ചെയ്യാനുള്ള പ്രാപ്തിയില്ലാതിരുന്ന ചില സംസ്ഥാനങ്ങളില്‍ പോലും കുതിരക്കച്ചവടങ്ങളിലൂടെയും അട്ടിമറികളിലൂടെയും മറ്റു പാര്‍ട്ടികളിലെ ഭിന്നിപ്പ് മുതലെടുത്തുമൊക്കെ അധികാരത്തിലെത്താന്‍ ബി.ജെ.പിക്കായെങ്കിലും രണ്ടു ശക്തമായ മുന്നണികള്‍ തമ്മിലുള്ള ബലാബലത്തിന്റെ രാഷ്ട്രീയ സമവാക്യം നിലനില്‍ക്കുന്ന കേരളം ഇന്നും അവര്‍ക്ക് ബാലികേറാമലയായി തുടരുകയാണ്. ഇതില്‍ ഒരു മുന്നണിയുടെ തകര്‍ച്ച സൃഷ്ടിക്കുന്ന പ്രതിപക്ഷ ശൈഥില്യം മുതലെടുത്ത് അധികാരം നേടുക എന്നതാണ് അവര്‍ക്കു മുന്നിലുള്ള ഏക വഴി' - മുഖപ്രസംഗം ചൂണ്ടിക്കാട്ടി.