മുസ്ലിംലീഗ് ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടിട്ടില്ല: എംകെ മുനീര്‍
ഞങ്ങള്‍ കാരണം ആര്‍ക്കും ഒരു പ്രയാസം ഉണ്ടാകരുത്

കോഴിക്കോട്: മുസ്ലിം ലീഗിന് ഉപമുഖ്യമന്ത്രി പദം വേണമെന്ന അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍. നേരത്തെ ലീഗിന് ആ സ്ഥാനം ലഭിച്ചിരുന്നു എന്നും മുനീര്‍ പറഞ്ഞു. മീഡിയ വണ്ണിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നേരത്തെ, എന്റെ പിതാവ് സിഎച്ച് മുഹമ്മദ് കോയ ഉപമുഖ്യമന്ത്രിയായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ മരണ ശേഷം അവുക്കാദര്‍ കുട്ടി നഹ ഉപമുഖ്യമന്ത്രിയായി. അതിന് ശേഷം അങ്ങനെയൊരു പദവി ആവശ്യപ്പെട്ടിട്ടില്ല. ഞങ്ങള്‍ കാരണം ആര്‍ക്കും ഒരു പ്രയാസം ഉണ്ടാകരുത് എന്നതു കൊണ്ടാണത്' - മുനീര്‍ വ്യക്തമാക്കി.
സിഎച്ചിന് ശേഷം കേരളത്തില്‍ ഒരു മുസ്ലിംലീഗ് മുഖ്യമന്ത്രി ഉണ്ടായിട്ടില്ല, അത് ഉണ്ടാകേണ്ടത് അല്ലേ എന്ന ചോദ്യത്തിന് അത് അന്നത്തെ രാഷ്ട്രീയ സാഹചര്യം ഒത്തുവന്നപ്പോള്‍ അദ്ദേഹമായി എന്നായിരുന്നു മുനീറിന്റെ മറുപടി. അതല്ലാതെ മുഖ്യമന്ത്രി പദവിക്കു വേണ്ടി ലീഗ് നില കൊള്ളുന്നു എന്ന തരത്തില്‍ ഒരു ചര്‍ച്ച തങ്ങള്‍ ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തി മുമ്പോട്ടു പോയ പ്രസ്ഥാനമാണ് മുസ്ലിംലീഗ്. കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിക്കരുത്- അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ വന്നു വന്ന് മുസ്ലിം ലീഗിനെതിരെ ഭീതിയുണ്ടാക്കുകയാണ്. ഒരു സംഘടനയെ തൊട്ടുകൂടാത്തവരായി മാറ്റി നിര്‍ത്തുകയാണ്. ലീഗ് 1948ല്‍ രൂപം കൊണ്ടതാണ്. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സഭയില്‍ അംഗമാണ്. ഭരണഘടനയില്‍ ഒപ്പുവച്ചയാളാണ്- മുനീര്‍ ചൂണ്ടിക്കാട്ടി.
ഞങ്ങള്‍ ഒന്നും അധികം ആവശ്യപ്പേട്ടവരേ അല്ല. അര്‍ഹതയുള്ളത് മാത്രമേ ചോദിച്ചിട്ടുള്ളൂ. എത്ര സീറ്റുകള്‍ വേണമെന്ന ആവശ്യം മുമ്പോട്ടു വച്ചിട്ടില്ല. കൂടുതല്‍ കിട്ടാന്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. അന്തിമമായി ഐക്യജനാധിപത്യ മുന്നണി നില്‍ക്കണം- അദ്ദേഹം പറഞ്ഞു.
പികെ കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക് വരാനുള്ള തീരുമാനം പാര്‍ട്ടിയുടേതാണ് എന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ പാര്‍ട്ടി പണ്ടും തീരുമാനമെടുത്തിട്ടുണ്ട്. അദ്ദേഹം മത്സിരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല- മുനീര്‍ വ്യക്തമാക്കി.