LiveTV

Live

Kerala

സ്പീക്കര്‍ക്കെതിരെയുള്ള പ്രതിപക്ഷ പ്രമേയം തള്ളി

സ്പീക്കര്‍ സ്ഥാനമൊഴിയാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

സ്പീക്കര്‍ക്കെതിരെയുള്ള പ്രതിപക്ഷ പ്രമേയം തള്ളി

സ്വർണക്കടത്ത് കേസ് പ്രതികളുമായി ബന്ധമുള്ള സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന പ്രതിപക്ഷ പ്രമേയം നിയമസഭ ചർച്ച ചെയ്ത് തള്ളി. സ്പീക്കർ സഭയുടെ അന്തസ് കെടുത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രമേയം പ്രതിപക്ഷത്തിന്‍റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്പീക്കര്‍ സ്ഥാനമൊഴിയാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

നിയമസഭയുടെ അന്തസ്സിനെ ഇടിച്ചുതാഴ്ത്തിയ സ്പീക്കറാണ് ശ്രീരാമകൃഷ്ണനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്പീക്കറുടെ കസേര വലിച്ചിട്ട ആൾ ആ കസേരയിൽ കയറി ഇരിക്കുന്നത് അധാർമികതയാണ്. പാർട്ടി പറഞ്ഞാലും സ്പീക്കർ സ്ഥാനം ശ്രീരാമകൃഷ്ണൻ ഏറ്റെടുക്കരുതായിരുന്നു. യോഗ്യത ഇല്ലാത്ത ആൾ സ്പീക്കറായപ്പോൾ യോഗ്യത ഇല്ലാത്ത കാര്യങ്ങൾ ചെയ്യുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

സ്വണക്കടത്ത് കേസിൽ കസ്റ്റഡിയിലുള്ള പ്രതിയുടെ മൊഴി എങ്ങനെ വിശുദ്ധ വാചകമായി കണക്കാക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. അന്വേഷണ ഏജൻസികൾ വഴിവിട്ട് ചെയ്യുന്ന കാര്യങ്ങളെ പ്രതിപക്ഷം ന്യായീകരിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.

തെറ്റ് ചെയ്യാത്തതിനാല്‍ ആരുടെ മുന്നിലും തലകുനിക്കില്ലെന്ന് മറുപടി പ്രസംഗത്തില്‍ സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് കെഎസ്‍യു നേതാവിന്‍റെ നിലയില്‍ നിന്ന് വളര്‍ന്നിട്ടില്ലെന്നും പരിഹസിച്ചു. എംഐടിക്ക് 10 പൈസ കൊടുത്തെന്ന് തെളിയിച്ചാല്‍ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.