നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷിയായ വിപിൻലാലിനെ കസ്റ്റഡിയിലെടുക്കണമെന്നും നാളെ ഹാജരാക്കണമെന്നും കോടതി
മാപ്പ് സാക്ഷികളെ ജയിലിൽ നിന്ന് വിട്ടയക്കരുതെന്ന ചട്ടം നിലനിൽക്കെ വിചാരണക്ക് മുമ്പ് വിപിന്‍ലാൽ ജയിലില്‍ നിന്ന് പുറത്ത് പോയതില്‍ കോടതി വിശദമായ വാദം കേട്ടിരുന്നു.

നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയായ വിപിൻ ലാലിനെ കസ്റ്റഡിയിലെടുക്കാൻ വിചാരണ കോടതിയുടെ നിർദേശം. വിപിൻലാലിനെ നാളെ ഹാജരാക്കാനാണ് ഉദ്യോഗസ്ഥർക്ക് കോടതി നിർദേശം നൽകിയത്. മാപ്പ് സാക്ഷികളെ ജയിലിൽ നിന്ന്വിട്ടയക്കരുതെന്ന ചട്ടം നിലനിൽക്കെ വിചാരണക്ക് മുമ്പ് വിപിന്‍ലാൽ ജയിലില്‍ നിന്ന് പുറത്ത് പോയതില്‍ കോടതി വിശദമായ വാദം കേട്ടിരുന്നു.
വിപിൻ ലാല്‍ മറ്റൊരു കേസില്‍ കാക്കനാട് ജയിലിലില്‍ കഴിയവേയാണ് കൊച്ചിയില്‍ നടിയെ അക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കുന്നത്. ജയിലിലെത്തി അന്വേഷണ സംഘം നടിയെ അക്രമിച്ച കേസില്‍ പത്താം പ്രതിയാക്കി അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് നടിയെ അക്രമിച്ച കേസില്‍ വിപിന്‍ ലാലിനെയും ഒരു പോലീസ് ഉദ്യോഗസ്ഥനേയും മാപ്പുസാക്ഷിയാക്കി. ഇതിനിടെ ജയിലില്‍ ഫോണുപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്ന് ഇയാളെ കാക്കനാട് ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റി. അറസ്റ്റിലായ ആദ്യ കേസില്‍ ജാമ്യം ലഭിക്കുകയും നടിയെ അക്രമിച്ച കേസില്‍ മാപ്പ്സാക്ഷിയാക്കുകയും ചെയ്തതോടെ വിയ്യൂര്‍ ജയില്‍ സുപ്രണ്ട് ഇയാളെ മോചിതനാകാന്‍ അനുവദിച്ചു.
ചങ്ങനാശേരി സ്വദേശിയായ വിപിന്‍ ലാല്‍ കാസര്‍കോട് ബന്ധുവിന്റെ വീട്ടിലാണിപ്പോള്‍ താമസം. ഇതിനിടെ ഇയാളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി എം പ്രദീപ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെയാണ് കേസിലെ എട്ടാം പ്രതിയായ ദിലീപ്, വിപിന്‍ ലാല്‍ ജയില്‍ മോചിതനായത് സംബന്ധിച്ച പരാതിയുമായി കോടതിയെ സമീപിച്ചത്.
വിപിന്‍ലാൽ വിചാരണക്ക് മുമ്പ് ജയിലില്‍ നിന്ന് പുറത്ത് പോയത് സംബന്ധിച്ച് കോടതി വിശദമായ വാദം കേട്ടു. ക്രിമിനല്‍ നടപടി ചട്ടം 306 പ്രകാരം വിചാരണ കഴിയും വരെ മാപ്പുസാക്ഷികളെ ജയിലില്‍ നിന്ന് വിട്ടയക്കരുതെന്നാണ്. അതിനാല്‍ ഇന്ന് തന്നെ ഇയാളെ കസ്റ്റഡിയിലെടുത്ത് നാളെ വിചാരണ കോടതിക്ക് മുമ്പാകെ ഹാജരാക്കാന്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്കി. കൂടാതെ ജയില്‍ സൂപ്രണ്ടിനോട് ഇതു സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും നിര്‍ദേശിച്ചു.