വെറും മൈതാന പ്രസംഗമെന്ന് ബല്‍റാം; രേഖകളില്‍ നിന്ന് നീക്കണമെന്ന് സ്വരാജ്
സ്വരാജ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചതിന് പിന്നാലെയായിരുന്നു ബല്‍റാമിന്റെ പരാമര്‍ശം.

കിഫ്ബി അടിയന്തര പ്രമേയ ചര്‍ച്ചക്കിടെ ഭരണപക്ഷത്ത് നിന്ന് ഉയർന്നത് മൈതാന പ്രസംഗമാണെന്ന് വി ടി ബല്‍റാം എംഎല്‍എ. ഭരണപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്നും ബല്‍റാം പറഞ്ഞു. സ്വരാജ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചതിന് പിന്നാലെയായിരുന്നു ബല്‍റാമിന്റെ പരാമര്‍ശം. തുടര്‍ന്ന് സഭയില്‍ ഭരണപക്ഷം ബഹളം വെച്ചു.
ബല്‍റാം മൈതാന പ്രസംഗം എന്ന വാക്ക് ഉപയോഗിച്ചത് ആക്ഷേപിച്ചുകൊണ്ടാണെന്ന് സ്വരാജ് മറുപടി നല്കി. ലോകത്തിലെയും കേരളത്തിലെയും ഇന്ത്യയിലെയും മഹത്തായ പല പ്രസംഗങ്ങളും നടന്നിട്ടുള്ളത് മൈതാനത്താണ്. ഗാന്ധിജിയും എബ്രഹാം ലിങ്കണും സി കേശവനും വരെയുള്ളവര്‍ നടത്തിയ പ്രസംഗങ്ങള്‍ മൈതാനത്താണ്. അതിനാല്‍ ദുസ്സൂചനയോടെ ഉപയോഗിച്ച വാക്ക് രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് സ്വരാജ് ആവശ്യപ്പെട്ടു. മൈതാന പ്രസംഗം എന്നത് മോശം കാര്യമല്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. താന്‍ മൈതാന പ്രസംഗത്തെ മോശമായിട്ടല്ല പരാമര്‍ശിച്ചതെന്ന് ബല്‍റാം പറഞ്ഞു.
പ്രതിപക്ഷം കിഫ്ബിക്കും മസാല ബോണ്ടിനും എതിരല്ലെന്നും പക്ഷേ ഉയർന്ന പലിശ നിരക്കില്‍ എന്തിന് മസാല ബോണ്ട് ഇറക്കിയെന്നും ബല്‍റാം ചോദിച്ചു. ഉയർന്ന നിരക്കില്‍ പണം എടുത്ത് ധൂർത്ത് നടത്തുകയാണ്. സര്‍ക്കാരിന്റെ ധൂർത്തിനുള്ള ഉപായമാണ് കിഫ്ബി. ഹവാല, റിവേഴ്സ് ഹവാല ഇടപാടുകള്‍ക്ക് വരെ കിഫ്ബി കാരണമാകുന്നോയെന്ന് സംശയമുണ്ട്. കിഫ്ബി സംസ്ഥാനത്തിന്റെ സാമ്പത്തിക പരമാധികാരത്തിന് ഭീഷണിയാകുന്നുവെന്നും ബല്‍റാം വിമര്‍ശിച്ചു.
സ്വരാജ് പറഞ്ഞത്..
കേരള വികസിക്കാന്‍ പാടില്ലെന്ന നിലപാടാണ് പ്രതിപക്ഷത്തിനെന്ന് എന്ന് സ്വരാജ് എംഎല്‍എ. സംഘ്പരിവാറിനൊപ്പം ചേർന്ന് കോണ്‍ഗ്രസ് സംസ്ഥാന സർക്കാറിനെ ബുദ്ധിമുട്ടിക്കുന്നു. രാഷ്ട്രീയ തിമിരം ബാധിച്ച കണ്ണട പ്രതിപക്ഷം മാറ്റണം. നിയമാനുസൃതമായി മസാല ബോണ്ട് പുറപ്പെടുവിക്കാനുള്ള അധികാരം കിഫ്ബിക്കുണ്ട്. ഇത് സിഎജിക്ക് മനസ്സിലായിട്ടില്ലെങ്കില് ഈ നാട് പഠിപ്പിക്കുമെന്നും സ്വരാജ് പറഞ്ഞു.
സിഎജി റിപ്പോർട്ട് വെള്ളം ചേർക്കാതെ വിഴുങ്ങാനാകില്ല. സിഎജി എഴുതിയ റിപ്പോർട്ട് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയാന്‍ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന് അവകാശമുണ്ട്. നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കേണ്ടത് കോടതികളാണ്, സിഎജിയല്ല എന്നും സ്വരാജ് പറഞ്ഞു.
കിഫ്ബിയെ വിമർശിച്ചവരാണ് യുഡിഎഫ് അംഗങ്ങള്‍. അവരുടെ മണ്ഡലത്തില്‍ കിഫ്ബി പദ്ധതികള്‍ തല ഉയർത്തി നില്ക്കുന്നു. ഈ സർക്കാർ ജനങ്ങളുടെ ഹൃദയത്തിലാണ്. സംഘപരിവാറിനും സംസ്ഥാനത്തെ പ്രതിപക്ഷത്തിനും അത് സഹിക്കുന്നില്ല. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രം സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുകയാണ്. കോണ്‍ഗ്രസുകാരെ ഏജന്‍സികള്‍ വേട്ടയാടിയില്ലേ. കേരളത്തെ ആധുനിക യുഗത്തിലേക്ക് കൈ പിടിച്ചുകൊണ്ടുവന്ന ഈ സർക്കാറിനെ താഴെയിറക്കാന്‍ സംഘ്പരിവാറിനൊപ്പം നിന്നവരാണ് പ്രതിപക്ഷം. അത് ജനങ്ങള്‍ തിരിച്ചറിയുമെന്നും സ്വരാജ് കുറ്റപ്പെടുത്തി.