ഔഫ് അബ്ദുറഹ്മാനെ പാർട്ടിക്കൊടി പുതപ്പിച്ചതിനെ ന്യായീകരിച്ച് കെ.ടി ജലീല്‍
രാഷ്ട്രീയ പാർട്ടികളുടെ അനുഭാവികള്‍ കൊല്ലപ്പെടുമ്പോള്‍ അവരുടെ കൊടി പുതപ്പിക്കുക സാധാരണമാണ്. ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും ജലീല്‍

കാഞ്ഞങ്ങാട് കൊല്ലപ്പെട്ട എസ്.എസ്.എഫ് പ്രവർത്തകന് ഔഫ് അബ്ദുറഹ്മാന്റെ മൃതദേഹത്തില്‍ പാർട്ടി പതാക പുതപ്പിച്ചതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് മന്ത്രി കെ.ടി ജലീല്‍. എസ്.കെ.എസ്.എസ്.എഫ് മുഖപത്രമായ സത്യധാരയിലെ അഭിമുഖത്തിലാണ് ജലീല്‍ നിലപാട് വ്യക്തമാക്കിയത്.
"ഔഫ് എസ്.എസ്.എഫിന്റെ പ്രവർത്തകനാണെങ്കിലും ഡി.വൈ.എഫ്.ഐയില്‍ അംഗത്വം എടുത്തിട്ടുണ്ട്. സി.പി.എമ്മിൻ്റെ അനുഭാവിയുമാണ്. അങ്ങനെയുള്ള ഒരാളുടെ കുടുംബത്തിൻ്റെ ഉത്തരവാദിത്തം പാർട്ടി ഏറ്റെടുത്താല്‍ എന്താണ് പ്രശ്നം " ജലീൽ ചോദിക്കുന്നു.. "ഓരോ പാർട്ടിക്കാരും അവരവരുടെ അനുഭാവികൾ രാഷ്ട്രീയ കൊലപാതകങ്ങളിൽ വധിക്കപ്പെടുമ്പോൾ അവരവരുടെ കൊടി പുതപ്പിക്കുക സാധാരണമാണ്. ലീഗ് പ്രവർത്തകരാൽ കൊല ചെയ്യപ്പെട്ട ഔഫിൻ്റെ മൃതദേഹത്തിന് മേൽ ചെങ്കൊടി പുതപ്പിച്ചതിൽ അസ്വാഭാവികമായി ഒന്നുമില്ല" ജലീൽ കൂട്ടിച്ചേർത്തു.
ഔഫ് ഡി.വൈ.എഫ്.ഐ പ്രവർത്തകനല്ലെന്നും എസ്.എസ്.എഫ് പ്രവർത്തകൻ മാത്രമായിരുന്നെന്നും എസ്.എസ്.എഫ് നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ഔഫിൻ്റെ മൃതദേഹത്തിൽ ചെങ്കൊടി പുതപ്പിച്ചതിനെതിരെയും എസ്.എസ്.എഫ് നേതാക്കൾ രംഗത്തു വന്നിരുന്നു.