കോട്ടയത്ത് റിമാൻഡ് പ്രതി മരിച്ച സംഭവം; സി.ബി.ഐ അന്വേഷണത്തിനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
പൊലീസ് മർദ്ദനെത്തുടർന്നാണ് ഷെഫീക്ക് മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു

കോട്ടയത്ത് റിമാൻഡ് പ്രതിയായ ഷെഫീക്ക് മരിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. കസ്റ്റഡിമരണങ്ങൾ സി.ബി.ഐയ്ക്ക് വിടാൻ സർക്കാർ നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
കാഞ്ഞിരപള്ളി വട്ടകപ്പാറ തൈപ്പറമ്പിൽ ഷെഫീഖ് (36) കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് ഷെഫീഖിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പൊലീസ് മർദ്ദനെത്തുടർന്നാണ് ഷെഫീക്ക് മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.
അതെ സമയം സംഭവത്തിൽ ജയിൽ വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഷെഫീഖ് അപസ്മാരം വന്ന് നിരീക്ഷണ കേന്ദ്രത്തിൽ വീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ജയിൽ ഡി.ഐ.ജി സാം തങ്കയ്യന്റെ റിപ്പോർട്ടിൽ പറയുന്നു. കൃത്യസമയത്ത് ഷെഫീഖിനെ ആശുപത്രിയിൽ എത്തിച്ചു എന്നും റിപ്പോർട്ടിലുണ്ട്.