LiveTV

Live

Kerala

പതിനാലുകാരന് ക്രൂരമർദനം; അമ്മയ്ക്കും സുഹൃത്തിനുമെതിരെ അച്ഛന്‍റെ പരാതി

കഴിഞ്ഞ ഒരു വര്‍ഷമായി ശാരീരിക പീഡനം നടക്കുന്നുവെന്ന് കുട്ടി മീഡിയവണിനോട്

പതിനാലുകാരന് ക്രൂരമർദനം; അമ്മയ്ക്കും സുഹൃത്തിനുമെതിരെ അച്ഛന്‍റെ  പരാതി

തിരുവനന്തപുരം മംഗലപുരത്ത് അമ്മയും സുഹൃത്തും ചേര്‍ന്ന് പതിനാലുകാരനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കുട്ടിയുടെ പിതാവ് റിജുകുമാറാണ് പൊലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയത്. കഴിഞ്ഞ ഒരു വര്‍ഷമായി ശാരീരിക പീഡനം നടക്കുന്നുവെന്ന് കുട്ടി മീഡിയവണിനോട് പറഞ്ഞു.

മുരുക്കുംപുഴ സ്വദേശികളായ ഷജീലയ്ക്കും സുഹൃത്ത് ഗിരീശനെതിരെയുമാണ് പരാതി. ഷജീലയുടെയും റിജുകുമാറിന്‍റെയും പതിനാല് വയസ്സുള്ള മകനാണ് ശാരീരിക പീഡനത്തിനിരയായത്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും ഇടക്കാലത്ത് അകന്ന് താമസിച്ചിരുന്നെങ്കിലും പിന്നീട് ഒന്നിച്ചിരുന്നു. മത്സ്യബന്ധന ബോട്ടിലെ ജീവനക്കാരനാണ് റിജു കുമാര്‍.

ജോലിക്ക് പോകുന്ന സമയത്ത് ഷജീലയും സുഹൃത്ത് ഗിരീശനും ചേര്‍ന്ന് മകനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് റിജുകുമാര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. രാത്രികാലങ്ങളിലായിരുന്നു മര്‍ദ്ദനം. ഇക്കഴിഞ്ഞ ഡിസംബര്‍ 19ന് രാത്രി ഗിരീശന്‍ വീട്ടിലെത്തുകയും തറയില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ കൈയ്യില്‍ ചവിട്ടിയ ശേഷം കവിളത്തടിക്കുകയും നിലത്തിട്ട് വലിച്ചിഴയ്ക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പോലീസിന് പുറമെ ചൈല്‍ഡ് ലൈനിലും റിജുകുമാര്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ പ്രാഥമിക അന്വേഷണമാരംഭിച്ചതായി മംഗലപുരം പോലീസ് അറിയിച്ചു.