പത്തനംതിട്ട നഗരസഭയിലെ സി.പി.എം-എസ്.ഡി.പി.ഐ ധാരണ; സംസ്ഥാന നേതൃത്വത്തിനെതിരെ സി.പി.എം പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അതൃപ്തി
സംഭവത്തില്‍ ജില്ലാ നേതൃത്വം നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് പ്രവര്‍ത്തകര്‍ സംസ്ഥാന നേതൃത്വത്തെ സമീപിക്കാനൊരുങ്ങുന്നത്

പത്തനംതിട്ട നഗരസഭയില്‍ എസ്.ഡി.പി.ഐയുമായി തുടരുന്ന ധാരണക്കെതിരെ സംസ്ഥാന കമ്മറ്റിയ്ക്ക് പരാതി നല്‍കാനൊരുങ്ങി സി.പി.എം പ്രവര്‍ത്തകര്‍. പാര്‍ട്ടിക്ക് ഏറെ നാണക്കേടുണ്ടാക്കുന്ന സംഭവത്തില്‍ ജില്ലാ നേതൃത്വം നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് നഗരസഭാ കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവര്‍ സംസ്ഥാന നേതൃത്വത്തെ സമീപിക്കാനൊരുങ്ങുന്നത്.
സി.പി.എം. ജില്ലാ കമ്മറ്റി അംഗവും നഗരസഭ ചെയര്‍മാനുമായ അഡ്വ.ടി സക്കീര്‍ ഹുസൈനെ പഴിചാരിയാണ് പ്രവര്‍ത്തകര്‍ പരാതി അറിയിക്കുകയെന്നാണ് സൂചന. സി.പി.എം ജില്ലാകമ്മറ്റിയിലെ ഒരു വിഭാഗവും, ഏരിയാ, ലോക്കല്‍ കമ്മറ്റികളും എതിര്‍പ്പ് അറിയിച്ചിട്ടും നേതൃത്വം മൗനം തുടരുന്ന സാഹചര്യത്തിലാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ സംസ്ഥാന നേതൃത്വത്തെ സമീപിക്കാനൊരുങ്ങുന്നത്.
ഡി.വൈ.എഫ്.ഐ ജില്ലാ നേതാക്കള്‍ പരാതി നല്‍കിയിട്ടും നടപടി ഇല്ലാത്തതിനാലാണ് ഇവരുടെ പുതിയ നീക്കം. ഇതിനോടകം വലിയ ചര്‍ച്ചയായ വിഷയത്തില്‍ നഗരസഭാ ഭരണം നിലനിര്‍ത്താൻ എസ്.ഡി.പി.ഐയുമായി ധാരണ തുടരുന്നതിനെതിരെ വ്യാപക പരാതിയാണ് പാര്‍ട്ടിക്ക് ഉള്ളില്‍ നിന്ന് തന്നെ ഉയരുന്നത്.
എന്നാല്‍ നഗരസഭ ചെയര്‍മാനും ജില്ലാകമ്മറ്റി അംഗവുമായ സക്കീര്‍ ഹുസൈന് പ്രത്യേക താത്പര്യമെടുത്ത് നടപ്പാക്കിയ എസ്.ഡി.പി.ഐ കൂട്ടുകെട്ട് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രചരണായുധമാക്കാനാണ് യു.ഡി.എഫ് നേതൃത്വം തയ്യാറെടുക്കുന്നത്.
എസ്.ഡി.പി.ഐയ്ക്ക് സ്ഥിരം സമിതി കിട്ടുന്നതരത്തില്‍ നഗരസഭയിലെ കൗണ്‍സിലര്‍മാരെ വിവിധ സമിതികളില്‍ നിയോഗിച്ചത് ചെയര്മാന് പ്രത്യേക താല്പ്പര്യമെടുത്താണെന്നാണ് യു.ഡി.എഫ് നേതാക്കളും ഒരു വിഭാഗം സി.പി.എം പ്രവര്‍ത്തകരും ആരോപിക്കുന്നത്. എന്നാല്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും ജില്ലാ നേതാക്കള്‍ മൗനം തുടരുന്ന വിഷയത്തില്‍ ജില്ലാ കമ്മറ്റി അംഗവും നഗരസഭ ചെയര്‍മാനുമായ അഡ്വ.ടി സക്കീര്‍ ഹുസൈനെ പഴിചാരിയാണ് പ്രവര്‍ത്തകര്‍ പരാതി അറിയിക്കുകയെന്നാണ് സൂചന.