LiveTV

Live

Kerala

പ്രകടന പത്രിക: യുഡിഎഫ് സാമുദായിക സംഘടനാ നേതാക്കളെ കണ്ടു

വിവിധ ജനവിഭാഗങ്ങളുടെ ഉദ്യോഗസ്ഥ, വിദ്യാഭ്യാസ പ്രാതിനിധ്യം സംബന്ധിച്ച കണക്ക് പുറത്തു വിടുന്നത് അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്ന് സമസ്ത, ജമാഅത്തെ ഇസ്‍ലാമി, മുജാഹിദ് സംഘടനാ നേതാക്കള്‍

പ്രകടന പത്രിക: യുഡിഎഫ് സാമുദായിക സംഘടനാ നേതാക്കളെ കണ്ടു

ഉദ്യോഗ, വിദ്യാഭ്യാസ മേഖലയിലെ ജനപ്രാതിനിധ്യത്തെ കുറിച്ച് ധവളപത്രം പുറത്തിറക്കുമെന്ന വാഗ്ദാനം പ്രകടന പത്രികയിൽ ഉൾപ്പെടുത്തണമെന്ന് യുഡിഎഫിനോട് മുസ്‍ലിം സംഘടനകൾ. മലബാറിന്‍റെ വികസനം, അറബിക് സർവകലാശാല ഉൾപ്പെടെ ആവശ്യങ്ങളും യുഡിഎഫ് കോഴിക്കോട് വിളിച്ചു ചേർത്ത യോഗത്തില്‍ ഉയർന്നു.

പ്രകടന പത്രികയിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങളെ കുറിച്ച് വിവിധ ജനവിഭാഗങ്ങളുടെ അഭിപ്രായം ആരായുന്നതിന്‍റെ ഭാഗമായാണ് കോഴിക്കോട് യുഡിഎഫ് നേതാക്കൾ യോഗം വിളിച്ചത്. മത സംഘടനകളുടെ സെഷനിൽ മുസ്‍ലിം സംഘടനാ പ്രതിനിധികളും എസ്എന്‍ഡിപി യൂനിയൻ നേതാവും പങ്കെടുത്തു. സംവരണം, ന്യൂനപക്ഷ സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിലെ വിവാദങ്ങള്‍ അവസാനിപ്പിക്കാൻ ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യമാണ് മുസ്‍ലിം സംഘടനകൾ പ്രധാനമായി ഉന്നയിച്ചത്.

വിവിധ ജനവിഭാഗങ്ങളുടെ ഉദ്യോഗസ്ഥ, വിദ്യാഭ്യാസ പ്രാതിനിധ്യം സംബന്ധിച്ച കണക്ക് പുറത്തു വിടുന്നത് അനാവശ്യമായ വിവാദങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്ന് സമസ്ത, ജമാഅത്തെ ഇസ്‍ലാമി, മുജാഹിദ് സംഘടനാ നേതാക്കള്‍ പറഞ്ഞു. പള്ളി നിര്‍മാണത്തിന് അനുമതി വൈകുന്നത് ഒഴിവാക്കുക, അറബിക് സര്‍വകലാശാല ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തിലുയര്‍ന്നു. കാന്തപുരം എപി വിഭാഗം ഒഴികെയുള്ള സംഘടനാ പ്രതിനിധികള്‍ യോഗത്തിനെത്തി. സാംസ്കാരിക പ്രവർത്തകർ, വ്യാപാരി വ്യവസായി പ്രമുഖർ, ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധികള്‍ തുടങ്ങിയവരും യോഗത്തിനെത്തി. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള പ്രമുഖരാണ് കോഴിക്കോട്ടെ യോഗത്തില്‍ പങ്കെടുത്തത്.