കെ.എസ്.ആര്.ടി.സിയിലെ ക്രമക്കേട്; ഡയറക്ടര്‍ കെ.എം ശ്രീകുമാറിനെതിരെ കടുത്ത നടപടിക്ക് ആലോചന
പെന്ഷന് ഉള്‍പ്പെടെ തടഞ്ഞുവെച്ചേക്കും. 15 ദിവസത്തിനകം കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം

കെ.എസ്.ആര്.ടി.സിയിലെ ക്രമക്കേടില്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ.എം ശ്രീകുമാറിനെതിരെ കടുത്ത നടപടി വന്നേക്കും. ശ്രീകുമാറിന്റെ പെന്ഷന് ഉള്‍പ്പടെ തടഞ്ഞുവെക്കാനാണ് മാനേജ്മെന്റ് ആലോചിക്കുന്നത്. ക്രമക്കേട് ശരിവെക്കുന്ന രേഖകള്‍ മീഡിയവണ്ണിന് ലഭിച്ചു.
വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സി.എം.ഡി ഉടന്‍ സര്‍ക്കാരിന് കത്ത് നല്‍കും. 2018ല്‍ സ്വകാര്യ ഓഡിറ്റിങ് ഏജന്‍സിയെ കൊണ്ട് നടത്തിയ ഓഡിറ്റിങ്ങില്‍ കണ്ടെത്തിയ ക്രമക്കേടിന്റെ വിവരങ്ങളാണ് പുറത്തായത്.
കെ.റ്റി.ഡി.എഫ്.സിയില്‍ നിന്ന് ലോണ്‍ എടുത്ത വകയില്‍ തിരിച്ചടച്ച തുകയില്‍ 311.48 കോടിക്ക് കണക്കില്ല. തുടര്‍ന്ന് കെ.റ്റി.ഡി.എഫ്.സിയുടെയും. കെ.എസ്.ആര്.ടി.സിയുടെയും അക്കൌണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് 100 കോടി രൂപ തിരിമറി കണ്ടെത്താനായത്.
അന്നത്തെ അക്കൌണ്ട്സ് തലവനായിരുന്നു നിലവിലെ എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ.എം. ശ്രീകുമാര്‍. ക്രമക്കേടില്‍ വിശദീകരണം കിട്ടിയ ശേഷം വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്യാനാണ് സി.എം.ഡിയുടെ നീക്കം.
എറണാകുളത്തേക്ക് സ്ഥലംമാറ്റിയ കെ.എം. ശ്രീകുമാറിന്റെ പെന്ഷന് അടക്കം തടഞ്ഞുവെക്കാന്‍ മാനേജ്മെന്റ് അലോചിക്കുന്നുണ്ട്. കടുത്ത നടപടി തന്നെയുണ്ടാകുമെന്നതിന്റ് സൂചനയാണ് പുറത്തുവരുന്നത്. മെയ് 31ന് ശ്രീകുമാര്‍ വിരമിക്കും. അതിന് മുന്നേ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് കെ.എസ്.ആര്.ടി.സി നടത്തുന്നത്.