LiveTV

Live

Kerala

സി.പി.എം - എസ്.ഡി.പി.ഐ ധാരണക്കെതിരെ പരസ്യ പ്രതികരണവുമായി സി.പി.ഐ

ഇരുപാര്‍ട്ടികളും തമ്മില്‍ തെരഞ്ഞെടുപ്പിന് മുമ്പും പിമ്പും രഹസ്യ ധാരണയുണ്ടായിരുന്നു. ഭരണ സമിതി സ്റ്റാന്‍റിംഗ് കമ്മറ്റി തെരഞ്ഞെടുപ്പുകള്‍ മുന്നണിയില്‍ ആലോചിക്കാതെയാണ് നടന്നതെന്നും സി.പി.ഐ നേതാക്കള്‍

സി.പി.എം - എസ്.ഡി.പി.ഐ ധാരണക്കെതിരെ പരസ്യ പ്രതികരണവുമായി സി.പി.ഐ

പത്തനംതിട്ട നഗരസഭയിലെ സി.പി.എം - എസ്.ഡി.പി.ഐ ധാരണക്കെതിരെ പരസ്യ പ്രതികരണവുമായി സി.പി.ഐ. ഇരുപാര്‍ട്ടികളും തമ്മില്‍ തെരഞ്ഞെടുപ്പിന് മുമ്പും പിമ്പും രഹസ്യ ധാരണയുണ്ടായിരുന്നു. ഭരണ സമിതി സ്റ്റാന്‍റിംഗ് കമ്മറ്റി തെരഞ്ഞെടുപ്പുകള്‍ മുന്നണിയില്‍ ആലോചിക്കാതെയാണ് നടന്നതെന്നും സി.പി.ഐ നേതാക്കള്‍ പറഞ്ഞു. അതേ സമയം ഇന്നലെ നടന്ന സ്റ്റാന്‍റിംഗ് കമ്മറ്റി തെരഞ്ഞെടുപ്പില്‍ നിന്ന് സി.പി.ഐ അംഗം വിട്ടുനിന്നു. സി.പി.എം- എസ്.ഡി.പി.ഐ രഹസ്യ ധാരണയനുസരിച്ച് പത്തനംതിട്ട നഗരസഭരണം മുന്നോട്ട് പോകുന്നതിനിടെയാണ് പരസ്യ പ്രതികരണവുമായി സി.പി.ഐ രംഗത്തുവന്നത്.

മൂന്ന് അംഗങ്ങള്‍ മാത്രമുള്ള എസ്.ഡി.പി.ഐക്ക് കായികം , വിദ്യാഭ്യാസം സ്ഥിരസമതിയിലെ ചെയര്‍മാന്‍ സ്ഥാനം ലഭിച്ചത് സി.പി.എം അറിവോടെയാണന്നും ഇത് സംബന്ധിച്ച് മുന്നണിയില്‍ യാതൊരു ആലോചനകളും നടന്നില്ലെന്നും സി.പി.ഐ നേതാക്കള്‍ പറഞ്ഞു. എല്‍.ഡി.എഫ് യോഗത്തില്‍ നടന്ന ചര്‍ച്ചകളില്‍ നഗരസഭ ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍ എസ്.ഡി.പി.ഐയെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഇത് മുന്നണി തീരുമാനങ്ങള്‍ക്ക് നിരക്കാത്തതാണന്നും സി.പി.ഐ വ്യക്തമാക്കി.

പ്രതിഷേധം പരസ്യമാക്കിയതിന് പിന്നാലെ ഇന്നലെ നടന്ന എല്‍.ഡി.എഫ് യോഗത്തില്‍ നിന്ന് സി.പി.ഐ ഇറങ്ങി പോകുകയും നഗരസഭ സ്റ്റാന്ഡിംഗ് കമ്മറ്റി യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തിരുന്നു. ഇരു പാര്‍ട്ടികളും തമ്മില്‍ തെരഞ്ഞെടുപ്പിന് മുമ്പും പിമ്പും ധാരണയുണ്ടായിരുന്നതായും ഇത് മനസിലാക്കിയാണ് സ്റ്റാന്‍റിംഗ് കമ്മറ്റി- ചെയര്‍മാന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്നും തങ്ങള്‍ വിട്ടു നിന്നതെന്നും ഹരിദാസ് പറഞ്ഞു.

അതേസമയം മുന്നണിയിലെ പ്രധാന സംഖ്യകക്ഷിയായ സി.പി.ഐ നഗരസഭയിലെ എസ്.ഡി.പി.ഐ ബന്ധത്തെ ചൊല്ലി പരസ്യ പ്രതികരണവുമായി രംഗത്തു വന്നിട്ടും സി.പി.എം മൌനം പാലിക്കുകയാണ്. എന്നാല്‍ നഗരസഭ ഭരണം പിടിച്ചത് എസ്.ഡി.പി.ഐയുടെ പിന്തുണയില്ലന്നും സ്വതന്ത്രരുടെ സഹായത്താലാണന്നുമാണ് സി.പി.എം ഇപ്പോഴും ആവര്‍ത്തിക്കുന്നത്.