ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള കോവിഡ് വാക്സിന് വിതരണം നാളെ
കോവിഷീല്‍ഡ് വാക്സിന് ഏറ്റവും കൂടുതല്‍ എത്തിച്ചിരിക്കുന്നത് എറണാകുളം ജില്ലയിലും കുറവ് കാസര്‍ഗോഡുമാണ്.

ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള കോവിഡ് വാക്സിന് വിതരണം സംസ്ഥാനത്ത് നാളെ തുടങ്ങും. 133 കേന്ദ്രങ്ങളിലായി 13,300 പേരാണ് നാളെ വാക്സിന് സ്വീകരിക്കുക. കോവിഷീല്‍ഡ് വാക്സിന് ഏറ്റവും കൂടുതല്‍ എത്തിച്ചിരിക്കുന്നത് എറണാകുളം ജില്ലയിലും കുറവ് കാസര്‍ഗോഡുമാണ്.
കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവില്ലാതെ സംസ്ഥാനം പ്രതിസന്ധിയില്‍ നില്‍ക്കുന്നതിനിടെയാണ് പ്രതീക്ഷ നല്കി കോവിഡ് വാക്സിന്റെ വിതരണം നാളെ മുതല്‍ തുടങ്ങുന്നത്. 433500 ഡോസ് എത്തിച്ചിട്ടുണ്ടങ്കിലും വാക്സിന് സ്വീകരിക്കാന്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത് 368666 ആരോഗ്യപ്രവര്‍ത്തകരാണ്. 173253 സര്‍ക്കാര്‍ മേഖലയില്‍ നിന്നും,195613 സ്വകാര്യ മേഖലയില്‍ നിന്നും രജിസ്ട്രര്‍ ചെയ്തു.
വാക്സിന് നല്‍കുന്നതിന് വേണ്ടി 133 കേന്ദ്രങ്ങള്‍ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്കാണ് നാളെ വാക്സിന് നല്‍കുക. ഏറ്റവും കൂടുതല്‍ കേന്ദ്രങ്ങള്‍ എറണാകുളത്താണ്,12 എണ്ണം. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ 11 കേന്ദ്രങ്ങള്‍ വീതവും ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങളുമാണ് ഉണ്ടാവുക. വാക്സിനെടുത്തതിന് ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഉറപ്പ് വരുത്തയിന് ശേഷമേ ഡോസ് സ്വീകരിച്ചവരെ പറഞ്ഞയക്കൂ. പിന്നീട് അവരെ നിരീക്ഷിക്കുകയും ചെയ്യും. നാളെ വാക്സിനെടുക്കുന്നവര്‍ 28 ദിവസത്തിന് ശേഷം വീണ്ടും ഒരു ഡോസു കൂടിയെടുക്കണം. രണ്ടാം ഘട്ടത്തില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്കും 50 വയസ്സിന് മുകളിലുള്ളവര്ക്കുമാകും വാക്സിന് നല്‍കുക. പക്ഷെ അത് എപ്പോഴാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.