'മുഖ്യമന്ത്രിയുടെ തള്ള് അല്പം കൂടിപ്പോയി; കുറച്ച് മയത്തിലൊക്കെ ആകാം' ചെന്നിത്തല
അടിയന്തര പ്രമേയ നോട്ടീസിനുള്ള മുഖ്യമന്ത്രിയുടെ മറുപടിയെ സൂചിപ്പിച്ചുകൊണ്ട് ചെന്നിത്തലയുടെ പരിഹാസം.

നിയമസഭയിൽ മുഖ്യമന്ത്രിയുടെ തള്ള് അൽപം കൂടിപ്പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടിയന്തര പ്രമേയ നോട്ടീസിനുള്ള മുഖ്യമന്ത്രിയുടെ മറുപടിയെ സൂചിപ്പിച്ചുകൊണ്ട് ചെന്നിത്തലയുടെ പരിഹാസം. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഇത്രയും വലിയ തള്ള വേണ്ടിയിരുന്നില്ലെന്നും കുറച്ചൊക്കെ മയത്തില്‍ ആകാമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
'പാർട്ടിക്കകത്ത് ഗ്രൂപ്പ് കളിച്ച് വി.എസ് അച്യുതാനന്ദനെ ഒതുക്കിയ പിണറായി വിജയനാണ് കോൺഗ്രസിനെതിരെ ഗ്രൂപ്പ് കളി ആക്ഷേപം ഉന്നയിക്കുന്നത്. ഗ്രൂപ്പുകളിയുടെ ആശാനാണ് പിണറായി' ചെന്നിത്തല പറഞ്ഞു. ലാവ്ലിനിൽ പിണറായി ബി.ജെ.പിയുമായി അന്തർധാരയുണ്ടാക്കിയെന്നും ധാരണയുടെ ഭാഗമായിട്ടാണ് കേസ് 20 വട്ടം മാറ്റിയതെന്നും ചെന്നിത്തല പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് കടന്നാക്രമിച്ചത്.