LiveTV

Live

Kerala

കൊലപാതക കേസ് പ്രതി ജാമ്യത്തിലിറങ്ങി; മുങ്ങിയ പ്രതിയെ 5 വര്‍ഷമായും കണ്ടെത്താനായില്ല

ഭാര്യയെയും മക്കളെയും വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ അരീക്കോട് വാവൂർ സ്വദേശി മുഹമ്മദ് ഷരീഫാണ് ജാമ്യത്തിലിറങ്ങി മുങ്ങിയത്

കൊലപാതക കേസ് പ്രതി ജാമ്യത്തിലിറങ്ങി; മുങ്ങിയ പ്രതിയെ 5 വര്‍ഷമായും കണ്ടെത്താനായില്ല

ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ കൊലപാതക കേസിലെ പ്രതിയെ അഞ്ച് വര്‍ഷമായും കണ്ടെത്താനായില്ല. ഭാര്യയെയും മക്കളെയും വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ അരീക്കോട് വാവൂർ സ്വദേശി മുഹമ്മദ് ഷരീഫാണ് ജാമ്യത്തിലിറങ്ങി മുങ്ങിയത്. ഇയാള്‍ വിദേശത്തേക്ക് രക്ഷപ്പെട്ടു എന്ന സംശയത്തില്‍ ഇന്‍റര്‍പോളിന്‍റെ സഹായം ലഭിക്കാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കൊല്ലപ്പെട്ട യുവതിയുടെ കുടംബം.

2013 ജൂലൈ 22ന് അരീക്കോട് ആലുക്കലിലെ വെള്ളക്കെട്ടിൽ ഭാര്യയെയും മക്കളെയും മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷരീഫ്, ഷരീഫിന്‍റെ ഭാര്യ സാബിറയെയും അഞ്ചു വയസുകാരി ഫാത്തിമ ഫിദ , ഒന്നര വയസ്സുകാരി ഫാത്തിമ ഹിദ, എന്നീ കുട്ടികളെയുമാണ് വെള്ളത്തിൽ മുക്കി കൊന്നത്.വെള്ള കെട്ടിൽ ബൈക്ക് മറിഞ്ഞുള്ള അപകടമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് പിന്നീട് പൊലീസ് കൊലപാതകമാണന്ന് തെളിയിച്ചത്. തൊണ്ണൂറു ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചെങ്കിലും ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയ ഷരീഫ് പിന്നീട് ഒളിവിൽ പോയി . അഞ്ച് വർഷമായിട്ടും ഇയാളെ കണ്ടെത്താനും പോലീസിനായിട്ടില്ല. ഇതോടെയാണ് കൊല്ലപ്പെട്ട യുവതിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.

പൊലീസിന്‍റെ ഭാഗത്ത് നിന്ന് പ്രതിയെ കണ്ടെത്താന്‍ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നാണ് ആക്ഷേപം.പ്രതിയുടെ രാഷ്ടീയ സാമ്പത്തിക സ്വാധീനമാണ് പ്രതിക്ക് സംരക്ഷണം ഒരുക്കുന്നതെന്നും യുവതിയുടെ കുടംബം ആരോപിക്കുന്നു . ഷരീഫിനെ പല സ്ഥലങ്ങളിലും കണ്ടതായി പറയപ്പെടുന്നുണ്ടങ്കിലും വ്യക്തമായ സൂചന എവിടെ നിന്നും ലഭിച്ചിട്ടില്ല.