റിമാന്‍ഡ് പ്രതി ഷഫീഖ് മരിച്ച സംഭവം; മധ്യമേഖലാ ജയിൽ ഡി.ഐ.ജി സാം തങ്കയ്യൻ അന്വേഷിക്കും
കാക്കനാട് ജയിൽ സൂപ്രണ്ട് ജയിൽ ഡി.ജി.പിക്ക് പ്രാഥമിക റിപ്പോർട്ട് കൈമാറി

എറണാകുളം ഉദയംപേരൂർ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി ഷഫീഖ് മരിച്ച സംഭവം മധ്യമേഖലാ ജയിൽ ഡി.ഐ.ജി സാം തങ്കയ്യൻ അന്വേഷിക്കും. കാക്കനാട് ജയിൽ സൂപ്രണ്ട് ജയിൽ ഡി.ജി.പിക്ക് പ്രാഥമിക റിപ്പോർട്ട് കൈമാറി. സി.സിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുമെന്ന് ഐ.ജി നാഗരാജു പറഞ്ഞു. അൽപ സമയത്തിനകം ഷഫീഖിന്റെ പോസ്റ്റ്മോർട്ടം നടപടികൾ കോട്ടയം മെഡിക്കൽ കോളജിൽ ആരംഭിക്കും.
എറണാകുളം ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്ത റിമാന്‍ഡ് പ്രതി ഷഫീഖ് ഇന്നലെ രാത്രിയാണ് മരിച്ചത്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ ഷെഫീഖ് പൊലീസ് മർദ്ദനം മൂലമാണ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. തലയിലും ദേഹത്തുമെല്ലാം മുറിവുകളും മര്‍ദ്ദനമേറ്റ പാടുകളും കണ്ടതായി ബന്ധുക്കള്‍ മീഡിയവണിനോട് പ്രതികരിച്ചിരുന്നു. എന്നാല്‍ അപസ്മാരത്തെ തുടര്‍ന്നാണ് ഷെഫീഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം