സ്ഥിരതയോടെ മികവുറ്റ രീതിയിൽ മുന്നോട്ടു പോകാൻ സാധിക്കട്ടെ; അസ്ഹറുദ്ദീന് ആശംസകളുമായി മുഖ്യമന്ത്രി
37 പന്തില്‍നിന്ന് സെഞ്ച്വറി നേടിയ അസ്ഹറുദ്ദീന് ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ മൂന്നാമത്തെ ട്വന്റി20 സെഞ്ചുറി എന്ന നേട്ടത്തിനൊപ്പമെത്തി

സയ്യിദ് മുഷ്താക് അലി ട്രോഫിയില്‍ മുംബൈക്കെതിരെ വെടിക്കെട്ട് ബാറ്റിങ്ങ് പുറത്തെടുത്ത് താരമായ കേരളത്തിന്റെ മുഹമ്മദ് അസ്ഹറുദ്ദീനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മികച്ച രീതിയില്‍ ബാറ്റ് ചെയ്ത അസ്ഹറുദ്ദീനെയും വിജയം സ്വന്തമാക്കിയ കേരള ടീമിനെയും ഫേസ്ബുക്ക് പോസ്റ്റിലൂടെ അനുമോദിചു. വളരെ കുറച്ചു പന്തുകൾ നേരിട്ടു കൊണ്ട് അദ്ദേഹം നേടിയ സെഞ്ച്വറി കേരളത്തിനു തിളക്കമാർന്ന വിജയമാണ് സമ്മാനിച്ചതെന്നും സ്ഥിരതയോടെ മികവുറ്റ രീതിയിൽ മുന്നോട്ടു പോകാൻ അദ്ദേഹത്തിനു സാധിക്കട്ടെയെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
37 പന്തില്‍നിന്ന് സെഞ്ച്വറി നേടിയ അസ്ഹറുദ്ദീന് ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ മൂന്നാമത്തെ ട്വന്റി20 സെഞ്ചുറി എന്ന നേട്ടത്തിനൊപ്പമെത്തി. 2018ല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹിമാചല്‍ പ്രദേശിനെതിരെ 32 പന്തില്‍ സെഞ്ചുറി നേടിയ ഋഷഭ് പന്തിന്റെ പേരിലാണ് വേഗമേറിയ സെഞ്ച്വറിയുടെ ഇന്ത്യന്‍ റെക്കോര്‍ഡ്. 35 പന്തില്‍ സെഞ്ച്വറി തികച്ച രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. 37 പന്തില്‍ സെഞ്ച്വറി തികച്ച യൂസഫ് പഠാനൊപ്പമാണ് അസ്ഹറുദ്ദീന് റെക്കോര്‍ഡ് പങ്കിടുന്നത്
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സയ്യിദ് മുഷ്താഖ് അലി ട്വൻ്റി-ട്വൻ്റി ടൂർണമെന്റില്‍ മുംബൈക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച മുഹമ്മദ് അസ്ഹറുദ്ദീനെ ഹാർദ്ദമായി അഭിനന്ദിക്കുന്നു. വളരെ കുറച്ചു പന്തുകൾ നേരിട്ടു കൊണ്ട് അദ്ദേഹം നേടിയ സെഞ്ച്വറി കേരളത്തിനു തിളക്കമാർന്ന വിജയമാണ് സമ്മാനിച്ചത്. സ്ഥിരതയോടെ മികവുറ്റ രീതിയിൽ മുന്നോട്ടു പോകാൻ അദ്ദേഹത്തിനു സാധിക്കട്ടെ. അഭിമാനാർഹമായ വിജയം കരസ്ഥമാക്കിയ കേരള ക്രിക്കറ്റ് ടീമിനും അഭിനന്ദനങ്ങൾ. കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ഈ ജയം പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു.