കാര്‍ഷിക നിയമത്തെ പിന്തുണക്കുന്ന നാല് പേര്, ഈ കണ്ടെത്തല്‍ വെല്ലുവിളി നിറഞ്ഞതായിരുന്നിരിക്കണം: പരിഹാസവുമായി ശശി തരൂര്‍
വിദഗ്ധ സമിതിയെ പരിഹസിച്ച് ശശി തരൂര്‍

പുതിയ കാര്‍ഷിക നിയമം സംബന്ധിച്ച പരാതികള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയെ പരിഹസിച്ച് ശശി തരൂര്‍ എംപി. ശശി തരൂര്‍ ട്വീറ്റ് ചെയ്തതിങ്ങനെ-
ഈ സമിതി രൂപീകരണം വലിയ വെല്ലുവിളി നിറഞ്ഞതായിരുന്നിരിക്കണം. പുതിയ കാര്‍ഷിക നിയമത്തെ പിന്തുണക്കുന്ന ചുരുക്കം ചിലരില്‍ നിന്ന് നാല് പേരെ കണ്ടെത്തിയാണ് സമിതി രൂപീകരിച്ചത്. മുന്‍കൂട്ടി എല്ലാം ഉറപ്പിച്ചവരില്‍ നിന്ന് എങ്ങനെയാണ് പരിഹാരമുണ്ടാവുക?ശശി തരൂര്‍
സമവായമുണ്ടാക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ധ സമിതി അംഗങ്ങൾ നിഷ്പക്ഷരല്ലെന്ന ആക്ഷേപം ശക്തമാണ്. സമിതിയിലെ നാല് അംഗങ്ങളും കേന്ദ്ര സർക്കാരിന്റെ കാർഷിക പരിഷ്കാരങ്ങളെ നേരത്തെ മുതൽ പിന്തുണക്കുന്നവരാണ്. അതുകൊണ്ടുതന്നെ സമിതിയിൽ പ്രതീക്ഷയില്ലെന്ന് കർഷക സംഘടനാ നേതാക്കൾ വ്യക്തമാക്കി.
ഭൂപേന്ദർ സിംഗ് മാൻ പുതിയ നിയമങ്ങൾ നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ച ആളാണ്. ആൾ ഇന്ത്യ കിസാൻ കോർഡിനേഷൻ കമ്മിറ്റി അധ്യക്ഷനും മുൻ രാജ്യസഭ എം.പിയുമാണ് ഭൂപേന്ദർ. കർഷക നിയമം പിൻവലിക്കരുത് എന്ന നിലപാടുള്ള ആളാണ് അനിൽ ഖൻവാദ്. പുതിയ കാർഷിക നിയമങ്ങൾ രാജ്യത്ത് കാർഷിക മുന്നേറ്റം ഉണ്ടാക്കുമെന്ന് അഭിപ്രായമുള്ളയാളാണ് ഡോക്ടർ പ്രമോദ് കെ ജോഷി. സർക്കാരിന്റെ പുതിയ പരിഷ്കാരം രാജ്യത്തിന് നേട്ടമുണ്ടാക്കുമെന്ന് വിലയിരുത്തിയ കാർഷിക, സാമ്പത്തിക വിദഗ്ധനാണ് അശോക് ഗുലാത്തി.
നിയമത്തെ പിന്തുണച്ച് ദേശീയ ദിനാപത്രങ്ങളിൽ ലേഖനം എഴുതുകയും വേദികളിൽ പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട് ഇവര്‍. അതുകൊണ്ടുതന്നെ സമവായ ചർച്ചകൾ കേന്ദ്ര സർക്കാരിന് അനുകൂലമാകുമെന്ന ആരോപണം ശക്തമാണ്.