ഓമനക്കുട്ടന് പാര്‍ട്ടിയില്‍ നിന്നും ഭീഷണി നേരിട്ടിരുന്നുവെന്ന് ബന്ധുക്കള്‍
പാർട്ടിയുമായി യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്ന് ഏരിയാ സെക്രട്ടറി ശ്യാം ലാലും പ്രതികരിച്ചു
ഓമനക്കുട്ടന്റെ ആത്മഹത്യയിൽ പാർട്ടിക്ക് പങ്കുണ്ടെന്ന ആരോപണവുമായി കുടുംബം. തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥി പരാജയപ്പെട്ടതിൽ ഓമനക്കുട്ടന് പാർട്ടിയിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി കുടുംബം പറയുന്നു. ആരോപണം സി.പി.എം നിഷേധിച്ചു.
സെക്രട്ടറിയും കോന്നി റീജിയണൽ സഹകരണ ബാങ്ക് ജീവനക്കാരനുമായിരുന്ന ഓമനക്കുട്ടനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനോട് ചേർന്ന ഷെഡിലായിരുന്നു മൃതദേഹം. റീജിയണൽ ബാങ്കുമായി ബന്ധപ്പെട്ട വിഷയങളിൽ പാർട്ടിയിലെ ചില നേതാക്കളുമായി ഓമനക്കുട്ടൻ അകന്നു നിന്നിരുന്നു. സഹകരണ ബാങ്കിലെ താൽക്കാലിക ജോലി നഷ്ടപ്പെടുമെന്ന സ്ഥിതി ഭാര്യയോട് പറഞ്ഞു. ഓമനക്കുട്ടൻ ഉൾപ്പെടുന്ന വാർഡിൽ നിന്ന് നേരത്തെ ചിലർ സി.പി.എമ്മിൽ നിന്ന് സി.പി.ഐയിലേക്ക് മാറി. തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി. എം സ്ഥാനാർത്ഥി പരാജയപ്പെട്ടതോടെ പാർട്ടിയിൽ നിന്ന് കടുത്ത ഭീഷണി ഉണ്ടായെന്ന് ഓമനക്കുട്ടന്റെ ഭാര്യ രാധ പറഞ്ഞു.
പ്രാദേശികമായി ചില പ്രശ്നങ്ങൾ ഉണ്ടായിരിന്നുന്നത് പരിഹരിച്ചുവെന്നും താൻ ഓമനക്കുട്ടനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്നും ഏരിയ സെക്രട്ടറി ശ്യാംലാൽ പറഞ്ഞു. ജില്ലാ നേതൃത്വത്തോട് ഓമനക്കുട്ടന്റെ കുടുംബം പരാതി പറഞ്ഞതായി അറിയില്ല. ജോലിയിൽ നിന്നു പിരിച്ചുവിട്ടിട്ടില്ലെന്നും ഏരിയ സെക്രട്ടറി പറഞ്ഞു. പത്തു വർഷത്തോളം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു ഓമനക്കുട്ടൻ.