LiveTV

Live

Kerala

ലൈഫ് മിഷനിലെ അഴിമതി കൃത്യമായി അന്വേഷിച്ചാൽ പല പ്രമുഖരും കുടുങ്ങുമെന്ന് പ്രതിപക്ഷം

വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

ലൈഫ് മിഷനിലെ അഴിമതി കൃത്യമായി അന്വേഷിച്ചാൽ പല പ്രമുഖരും കുടുങ്ങുമെന്ന്  പ്രതിപക്ഷം

വടക്കാഞ്ചേരി ലൈഫ് മിഷനിലെ അഴിമതി കൃത്യമായി അന്വേഷിച്ചാൽ പല പ്രമുഖരും കുടുങ്ങുമെന്ന് പ്രതിപക്ഷം. രാഷ്ട്രീയ നേത്യത്വത്തിന് പങ്കില്ലെന്ന ഹൈക്കോടതി വിധി നിർണായകമാണെന്നായിരുന്നു മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞത്. വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടുകളിൽ മുഖ്യമന്ത്രിയുടെ ഒഫീസിന്‍റെ പങ്കാളിത്തവും ഉദ്യോഗസ്ഥരുടെ ഇടപെടലുകളും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത് അനിൽ അക്കര എം.എൽ.എ. പദ്ധതിയെ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്നായിരുന്നു തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍റെ നിലപാട്. കോടതി വിധിയിലെ രാഷ്ട്രീയ നേതൃത്വവുമായി ബന്ധപ്പെട്ട പരാമർശമായിരുന്നു മന്ത്രിയുടെ പ്രധാന ആയുധം

സർക്കാരിനെ കുറ്റവിമുക്തമാക്കിയ വിധിയാണെങ്കിൽ എന്തു കൊണ്ട് വിധിയെ പൂർണമായി സ്വാഗതം ചെയ്യുന്നില്ലെന്ന് തിരിച്ചടിച്ച് പ്രതിപക്ഷം. തദ്ദേശ തെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ നേടിയ മികച്ച വിജയം ഉയർത്തി കാണിച്ച് മന്ത്രി എ സി മൊയ്തീൻ അഴിമതി ആരോപണം ജനം തള്ളിയതായി പറഞ്ഞ് വെച്ചു. എന്നാൽ ഒരു തിരഞ്ഞെടുപ്പ് വിജയം കൊണ്ട് അഴിമതി ഒലിച്ചു പോകില്ലെന്നായി പ്രതിപക്ഷ നേതാവ്.

സർക്കാരിന് സാമ്പത്തിക ഉത്തരവാദിതതമില്ലെന്ന് മന്ത്രി ആവർത്തിച്ചപ്പോഴും കോടതി വിധി ആയുധമാക്കി മുഖ്യമന്ത്രിയുടെ ഓഫീസിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാനാവില്ലെന്നായിരുന്നു പ്രതിപക്ഷ വാദം. അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.