തദ്ദേശ തെരഞ്ഞടുപ്പ് തോല്‍വി; മലപ്പുറത്ത് മുസ്ലീം ലീഗില്‍ അച്ചടക്ക നടപടി
പരാജയമുണ്ടായ മറ്റ് പഞ്ചായത്തുകളിലും വരും ദിവസങ്ങളില്‍ തുടര്‍നടപടികളുണ്ടാവുമെന്ന് ലീഗ് നേതൃത്വം

തദ്ദേശ തെരഞ്ഞടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് മലപ്പുറത്ത് മുസ്ലീം ലീഗില്‍ അച്ചടക്ക നടപടി. പഞ്ചായത്ത്, മുന്‍സിപ്പല്‍ കമ്മറ്റികള്‍ പിരിച്ചുവിട്ടു. നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മറ്റി, വെളിയങ്കോട്, ആലങ്കോട് പഞ്ചായത്ത് കമ്മറ്റികളുമാണ് പിരിച്ചുവിട്ടത്. അന്വേഷണ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നേരത്തെ കോഴിക്കോട് ജില്ലയിലും സമാനമായ രീതിയില്‍ ലീഗ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. മലപ്പുറത്ത് നിലമ്പൂര്‍ നഗരസഭ, കരുവാരക്കുണ്ട്, മമ്പാട്, എടവണ്ണ, താഴേക്കോട്, പുളിക്കല്‍, വെട്ടം, വെളിയങ്കോട്, ആലങ്കോട് തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലുമാണ് ലീഗിന് അധികാരം നഷ്ടപ്പെട്ടത്. അതില്‍ നിലമ്പൂര്‍ നഗരസഭയില്‍ ലീഗിന് ഒരു സീറ്റുപോലും ലഭിച്ചിരുന്നില്ല. ഇതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
നേരത്തെ കോഴിക്കോട് ജില്ലയില്‍ രണ്ട് മേഖലാ കമ്മിറ്റികളാണ് ലീഗ് പിരിച്ച് വിട്ടത്. എല്‍.ഡി.എഫുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന് ഒരു ജില്ലാകമ്മിറ്റി അംഗമടക്കം മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. സസ്പെന്ഷന് പുറമേ ആറ് നേതാക്കളെ പദവിയില്‍ നിന്നും നീക്കം ചെയ്തിട്ടുമുണ്ട്.
പാര്‍ട്ടി പരാജയമുണ്ടായ മറ്റ് പഞ്ചായത്തുകളിലും വരും ദിവസങ്ങളില്‍ തുടര്‍നടപടികളുണ്ടാവുമെന്ന് ലീഗ് നേതൃത്വം അറിയിച്ചു.