LiveTV

Live

Kerala

ലൈഫ് മിഷന്‍: രാഷ്ട്രീയ നേതൃത്വത്തിന് പങ്കില്ലെന്ന ഹൈക്കോടതി വിധി നിർണായകമെന്ന് മന്ത്രി എ. സി മൊയ്തീൻ

പദ്ധതിക്കായി സർക്കാരോ മിഷനോ വിദേശ സഹായം സ്വീകരിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥരെ അഴിമതിക്കാരായി ചിത്രീകരിക്കുന്നതിൽ വിയോജിപ്പുണ്ടെന്നും ഹൈക്കോടതി വിധിയിൽ നിയമോപദേശം തേടുമെന്നും മന്ത്രി നിയമസഭയില്‍

ലൈഫ് മിഷന്‍: രാഷ്ട്രീയ നേതൃത്വത്തിന് പങ്കില്ലെന്ന ഹൈക്കോടതി വിധി നിർണായകമെന്ന് മന്ത്രി എ. സി മൊയ്തീൻ

വടക്കാഞ്ചേരി ലൈഫ് മിഷനിൽ രാഷ്ട്രീയ നേതൃത്വത്തിന് പങ്കില്ലെന്ന ഹൈക്കോടതി വിധി നിർണായകമെന്ന് മന്ത്രി എ. സി മൊയ്തീൻ. പദ്ധതിക്കായി സർക്കാരോ മിഷനോ വിദേശ സഹായം സ്വീകരിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥരെ അഴിമതിക്കാരായി ചിത്രീകരിക്കുന്നതിൽ വിയോജിപ്പുണ്ടെന്നും ഹൈക്കോടതി വിധിയിൽ നിയമോപദേശം തേടുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

ജനങ്ങൾ പ്രതീക്ഷയോടെ കണ്ട പദ്ധതിയാണ് ലൈഫ്. രണ്ടര ലക്ഷത്തോളം വീടുകൾ നിർമ്മിച്ചു. നിയമവകുപ്പ് പരിശോധിച്ച ശേഷമാണ് കരാർ ഒപ്പിട്ടത്. വടക്കാഞ്ചേരി ലൈഫ് മിഷൻ സാമ്പത്തിക ഉത്തരവാദിത്വമില്ല. സ്വഭാവിക സഹകരണമാണ് മിഷൻ നൽകിയതെന്നും മന്ത്രി പറഞ്ഞു. വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലെ ക്രമക്കേട് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. അനിൽ അക്കര എം.എൽ.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ആർത്തിമൂത്ത പദ്ധതിയെന്നായിരുന്നു അനില്‍ അക്കരയുടെ പരാമര്‍ശം.

കോടതി വിധിയിലൂടെ പ്രതിപക്ഷം പറഞ്ഞത് സത്യമാണെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. അഴിമതി കാണിച്ചാലും അന്വേഷിക്കരുതെന്ന നിലപാടാണ് സർക്കാരിന്. അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിനെ തുടർന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

അതേസമയം യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ലൈഫ് മിഷൻ പിരിച്ചുവിടില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സിബിഐ അന്വേഷണം നടക്കട്ടെ. യുഡിഎഫ് വിപുലീകരണ ചർച്ചകൾ നടന്നിട്ടില്ലെന്നും ഇത്തവണ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് മതിയായ പരിഗണന ഉറപ്പുവരുത്തുമെന്നും മുല്ലപ്പള്ളി കാസർകോട് പറഞ്ഞു.