LiveTV

Live

Kerala

മഫ്തിയിലെത്തിയ ഡിസിപിയെ തടഞ്ഞുവച്ച സംഭവം; വനിതാ പൊലീസിനെതിരെ നടപടിയെടുത്തത് ന്യായീകരിച്ച് ഐശ്വര്യ ഡോങ്റെ

ഏറെ ജാഗ്രത വേണ്ട പാറാവ് ജോലിയില്‍ വനിത പൊലീസ് ഉദ്യോഗസ്ഥ ശ്രദ്ധാലുവായിരുന്നില്ലെന്നും ജാഗ്രതക്കുറവുണ്ടായെന്നും ഡി.സി.പി പ്രതികരിച്ചു

മഫ്തിയിലെത്തിയ ഡിസിപിയെ തടഞ്ഞുവച്ച സംഭവം; വനിതാ പൊലീസിനെതിരെ നടപടിയെടുത്തത് ന്യായീകരിച്ച് ഐശ്വര്യ ഡോങ്റെ

മഫ്തി വേഷത്തിലെത്തിയ തന്നെ തിരിച്ചറിയാതെ തടഞ്ഞ് വെച്ച വനിത പൊലീസ് ഉദ്യോഗസ്ഥക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചതിനെ ന്യായീകരിച്ച് കൊച്ചി ഡി.സി.പി ഐശ്വര്യ ഡോങ്റെ. ഏറെ ജാഗ്രത വേണ്ട പാറാവ് ജോലിയില്‍ വനിത പൊലീസ് ഉദ്യോഗസ്ഥ ശ്രദ്ധാലുവായിരുന്നില്ലെന്നും ജാഗ്രതക്കുറവുണ്ടായെന്നും ഡി.സി.പി പ്രതികരിച്ചു. ഡി.സി.പിയെ തടഞ്ഞ വനിത പൊലീസ് ഉദ്യോഗസ്ഥയെ രണ്ട് ദിവസത്തേക്ക് ട്രാഫിക്കിലേക്കാണ് സ്ഥലം മാറ്റിയത്.

കഴിഞ്ഞ ദിവസം എറണാകുളം നോർത്തിലെ വനിതാ സ്റ്റേഷനിൽ അപ്രതീക്ഷിതമായി കടന്ന് വന്ന യുവതിയെ തടഞ്ഞതാണ് വനിത പൊലീസ് ഉദ്യോഗസ്ഥക്ക് വിനയായത്. സ്റ്റേഷനിലേയ്ക്ക് കയറിപ്പോകാൻ ശ്രമിച്ച യുവതി മഫ്തിയിലെത്തിയ ഡി.സി.പിയാണെന്ന് അറിയാതെയാണ് പൊലീസ് ഉദ്യോഗസ്ഥ തടഞ്ഞ് നിര്‍ത്തിയത്. പിന്നീട് സ്റ്റേഷന്‍ പരിശോധിക്കാനെത്തിയ ഡി.സി.പിയാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് അറിഞ്ഞ് പൊലീസ് ഉദ്യാഗസ്ഥ പിന്‍മാറുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ പ്രകോപിതയായ ഡി.സി.പി വനിത പൊലീസ് ഉദ്യോഗസ്ഥയോട് വിശദീകരണം തേടുകയും തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി രണ്ട് ദിവസത്തേക്ക് ട്രാഫിക് ഡ്യൂട്ടിക്കയക്കുകയും ചെയ്തു. ഔദ്യോഗിക വാഹനത്തില്‍ പൊലീസ് സ്റ്റേഷനിലെത്തിയ ഡി.സി.പിയെ കണ്ടിട്ടില്ലെന്ന വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു നടപടി. ഏറെ ജാഗ്രത വേണ്ട പാറാവു ജോലിയില്‍ വനിത പൊലീസ് ഉദ്യോഗസ്ഥ വീഴ്ച വരുത്തിയെന്നാണ് ഡിസിപിയുടെ വിശദീകരണം

മേലുദ്യോഗസ്ഥയെ തിരിച്ചറിയാത്തതിന്‍റെ പേരില്‍ വനിത പൊലീസുകാരിയെ സ്ഥലം മാറ്റിയ സംഭവം പൊലീസുകാര്‍ക്കിടയിലും വലിയ ചര്‍ച്ചാ വിഷയമായിരുന്നു.