ലൈഫ് മിഷന് പദ്ധതിക്കായി ധാരണാപത്രം ഉണ്ടാക്കിയത് ഉന്നത ബുദ്ധികേന്ദ്രമെന്ന് ഹൈക്കോടതി
ധാരണാപത്രം ബുദ്ധിപൂര്‍വ്വം തയ്യാറാക്കിയത് സി.എ.ജി ഓഡിറ്റ് റിപോർട്ട് ഒഴിവാക്കാനെന്ന് മനസിലാകുന്നതായും കോടതി ഉത്തരവില്‍ വിമര്‍ശനം

ലൈഫ് മിഷന് പദ്ധതിക്കായി ധാരണാപത്രം ഉണ്ടാക്കിയത് ഉന്നത ബുദ്ധികേന്ദ്രമെന്ന് ഹൈക്കോടതി. ധാരണാപത്രം ബുദ്ധിപൂര്‍വ്വം തയ്യാറാക്കിയത് സി.എ.ജി ഓഡിറ്റ് റിപോർട്ട് ഒഴിവാക്കാനെന്ന് മനസിലാകുന്നതായും കോടതി ഉത്തരവില്‍ വിമര്‍ശനം.
വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതി കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായിരിക്കുകയാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്. ലൈഫ് മിഷന് സര്‍ക്കാര്‍ പദ്ധതി തന്നെയെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി. സോമരാജന് ലൈഫ് മിഷന് സി. ഇ.ഒയുടെയും കേസില്‍ കക്ഷി ചേരാനുള്ള സര്‍ക്കാരിന്റെയും ഹരജികള്‍ തള്ളിയത്. ലൈഫ് മിഷന് പദ്ധതിയിലെ ധാരണാപത്രം സംബന്ധിച്ച് വലിയ വിമര്‍ശനമാണ് കോടതിയില്‍ നിന്നുണ്ടായത്. ധാരണാപത്രം ഉണ്ടാക്കിയതില്‍ ബുദ്ധിപൂര്‍വ്വമായ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മുള്ളവര്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതായും സി.എ.ജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് ഒഴിവാക്കാന്‍ ശ്രമിച്ചതായും മനസിലാക്കുന്നവെന്നും കോടതി ചൂണ്ടികാട്ടി. ഇടപാടിലെ ധാരണാപത്രം 'അണ്ടര്‍ ബെല്ലി' ഓപ്പറേഷനാണ്, ധാരണാപത്രം മറയാക്കുകയായിരുന്നുവെന്ന് സി.ബി.ഐയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി സര്‍ക്കാരിന്റെ ഹരജി തള്ളിയത്.
മന്ത്രിമാരെടുക്കുന്ന തീരുമാനങ്ങളിലെ നിയമപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടേണ്ടത് ഉദ്യോഗസ്ഥരാണ്. മന്ത്രിമാര്‍ നടപ്പാക്കുന്നത് എക്സിക്യൂട്ടീവ് തയ്യാറാക്കുന്ന നയങ്ങളാണ് അതിനാല്‍ പദ്ധതിയുടെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനല്ല. എന്നാല്‍ ഉദ്യോഗസ്ഥതല അഴിമതിയില്‍ അന്വോഷണം വേണമെന്നാണ് കോടതിയുടെ നിലപാട്.