LiveTV

Live

Kerala

സ്വർണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഉന്നത ബന്ധമെന്ന് എന്‍ഐഎ; 10 സാക്ഷികളുടെ വിശദാംശങ്ങൾ രഹസ്യമാക്കി

ഈ സാക്ഷികളുടെ വിശദാംശങ്ങൾ കേസിന്‍റെ ഉത്തരവുകളിലും വിധിന്യായങ്ങളിലും രേഖകളിലും ഉണ്ടാവില്ല.

സ്വർണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഉന്നത ബന്ധമെന്ന് എന്‍ഐഎ; 10 സാക്ഷികളുടെ വിശദാംശങ്ങൾ രഹസ്യമാക്കി

സ്വർണക്കടത്ത് കേസിലെ 10 സാക്ഷികളുടെ വിശദാംശങ്ങൾ രഹസ്യമാക്കി എൻഐഎ. ഈ സാക്ഷികളുടെ വിശദാംശങ്ങൾ കേസിന്‍റെ ഉത്തരവുകളിലും വിധിന്യായങ്ങളിലും രേഖകളിലും ഉണ്ടാവില്ല. ഉന്നത ബന്ധമുള്ളവരാണ് പ്രതികളെന്നും സാക്ഷികളെ ഉപദ്രവിക്കാനുള്ള സാധ്യതയുള്ളത് കൊണ്ടാണ് 10 പേരെ സംരക്ഷിത സാക്ഷികളാക്കിയതെന്നും എൻഐഎ. ഇതിനായി എൻഐഎ സമർപ്പിച്ച ഹരജി കോടതി അനുവദിച്ചു.

കുറ്റപത്രം സമർപ്പിച്ച അന്വേഷണ സംഘം ചില സാക്ഷികളുടെ വിവരങ്ങളും മൊഴികളും രഹസ്യമായി സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ക്രിമിനൽ നടപടി ചട്ടപ്രകാരം നൽകിയ അപേക്ഷ അനുവദിച്ചാണ് എറണാകുളത്തെ എൻഐഎ കോടതിയുടെ ഉത്തരവ്. ഇതോടെ 10 സാക്ഷികളുടെ വിവരങ്ങളും ഇവർ നൽകിയ മൊഴികളും ഈ ഘട്ടത്തിൽ പ്രതിഭാഗത്തിനു പോലും ലഭിക്കില്ല. ഈ സാക്ഷികളുടെ വിവരങ്ങളും മൊഴികളും പുറത്തു വരുന്നത് അവരുടെ ജീവന് തന്നെ ഭീഷണിയാകുമെന്ന എൻഐഎയുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി.

സാക്ഷികൾക്ക് നിർഭയം മൊഴി നൽകാനുള്ള അവസരമുണ്ടാകണമെന്ന നിലപാട് സ്വീകരിച്ച കോടതി ഇവരുടെ വിവരങ്ങളും മൊഴികളും നീക്കിയ ശേഷം കേസ് രേഖകൾ രണ്ടാഴ്ചയ്ക്കകം പ്രതിഭാഗത്തിന് നൽകാനും ഉത്തരവിൽ വ്യക്തമാക്കി. സ്വപ്ന സുരേഷ്, പി.എസ് സരിത്ത്, കെ.ടി റമീസ് തുടങ്ങി 20 പ്രതികൾക്കെതിരെയാണ് കുറ്റപത്രം നൽകിയത്. ഇവരിൽ മുഖ്യപ്രതിയായിരുന്ന സന്ദീപ് നായർ മാപ്പുസാക്ഷിയായി.