LiveTV

Live

Kerala

നിയമസഭാ തെരഞ്ഞെടുപ്പിൽ പത്ത് സീറ്റ് അധികം ചോദിക്കണമെന്ന് ലീഗ് ജില്ലാ കമ്മിറ്റികള്‍

ഏഴ് ജില്ലാ കമ്മിറ്റികളാണ് കൂടുതല്‍ സീറ്റ് വേണമെന്ന നിലപാട് എടുത്തിരിക്കുന്നത്

നിയമസഭാ തെരഞ്ഞെടുപ്പിൽ പത്ത് സീറ്റ് അധികം ചോദിക്കണമെന്ന് ലീഗ് ജില്ലാ കമ്മിറ്റികള്‍

ഇത്തവണ പത്ത് സീറ്റ് അധികം ചോദിക്കണമെന്ന് മുസ്ലിംലീഗ് ജില്ലാ കമ്മറ്റികൾ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഏഴ് ജില്ലാ കമ്മിറ്റികളാണ് കൂടുതല്‍ സീറ്റ് വേണമെന്ന നിലപാട് എടുത്തിരിക്കുന്നത്. നിലവിൽ ലീഗ് മത്സരിക്കാത്ത വയനാട്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓരോ സീറ്റ് വേണമെന്ന് അതത് കമ്മിറ്റികൾ ആവശ്യമുന്നയിച്ചിട്ടുണ്ട്.

അധിക സീറ്റുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് വേണ്ടി 14 ജില്ലാ കമ്മിറ്റികളുടെയും അഭിപ്രായം ലീഗ് സംസ്ഥാന കമ്മിറ്റി തേടിയിരുന്നു. ഇതിന് വേണ്ടി രണ്ട് വീതം സംസ്ഥാന ഭാരവാഹികള്‍ ഓരോ ജില്ലയിലുമെത്തി. പേരാമ്പ്ര,ബേപ്പൂര്‍,വടകര എന്നിവയില്‍ ഏതെങ്കിലും രണ്ട് സീറ്റ് വേണമെന്നാണ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടത്. കൂത്തുപറമ്പും തളിപ്പറമ്പും ചോദിക്കണമെന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി നിലപാടെടുത്തു.

പട്ടാമ്പിയും ഒറ്റപ്പാലവുമാണ് പാലക്കാടിന്‍റെ ആവശ്യം. വാമനപുരം,നെടുമങ്ങാട്,വർക്കല എന്നിവയില്‍ ഒരു സീറ്റ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ചോദിച്ചു. കല്‍പ്പറ്റ ചോദിച്ച് വയനാട് ജില്ലാ കമ്മിറ്റിയും പൂഞ്ഞാറിന് വേണ്ടി കോട്ടയം ജില്ലയും അമ്പലപ്പുഴ ചോദിച്ച് ആലപ്പുഴ ജില്ലാ കമ്മിറ്റിയും സംസ്ഥാന നേതൃത്വത്തിന് മുമ്പിലെത്തി.