LiveTV

Live

Kerala

യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ്; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

മലമ്പുഴ സ്വദേശിനി സരിതക്ക് നേരെയാണ് ആക്രമണം നടന്നത്. പൊലീസിൽ കീഴടങ്ങിയ ഭര്‍ത്താവ് ബാബുരാജിനെതിരെ വധശ്രമത്തിന് കേസെടുത്തു

യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ്; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

പാലക്കാട് ഒലവക്കോട് യുവതിയെ ഭർത്താവ് പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. മലമ്പുഴ സ്വദേശിനി സരിതക്ക് നേരെയാണ് ആക്രമണം നടന്നത്. പൊലീസിൽ കീഴടങ്ങിയ ബാബുരാജിനെതിരെ വധശ്രമത്തിന് കേസെടുത്തു. ഇയാൾക്കെതിരെ മുൻപ് പരാതി നൽകിയിരുന്നുവെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്ന് യുവതിയുടെ കുടുംബം പറഞ്ഞു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ഒലവക്കോട്ടെ ബ്യൂട്ടീഷൻ പരിശീലന കേന്ദ്രത്തിലാണ് സംഭവം.

ഇവിടെ പരിശീലനത്തിന് എത്തിയ മലമ്പുഴ സ്വദേശിനി സരിതയെ ഭർത്താവ് ബാബുരാജ് ക്ലാസ് മുറിയിലെത്തി പെട്രോൾ ഒഴിയ്ക്കുകയായിരുന്നു. സരിത ഓടി രക്ഷപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി . തീകൊളുത്താൻ ശ്രമിച്ച ബാബുരാജിനെ ജീവനക്കാർ ഇടപെട്ട് മാറ്റി. ഇയാളെ നാട്ടുകാർ പിടികൂടിയെങ്കിലും പിന്നീട് ഇവിടെ നിന്നും മുങ്ങിയ ഇയാൾ മലമ്പുഴ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

15 വർഷം മുമ്പാണ് സരിതയുടെയും ബാബുരാജിന്‍റെയും വിവാഹം കഴിഞ്ഞത്. ഒരു മാസമായി ഇരുവരും വേർപിരിഞ്ഞ് കഴിയുകയാണ്. വിവാഹ മോചന കേസ് നടന്നു വരികയാണ്. ബാബുരാജിന്‍റെ പീഡനത്തിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് സരിതയുടെ അമ്മ രാധ പറഞ്ഞു. വിവാഹബന്ധം വേർപ്പെടുത്തുന്നതിലുള്ള വിരോധമാണ് ഇതിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ബാബുരാജിനെതിരെ വധശ്രമത്തിന് കേസെടുത്തു.