LiveTV

Live

Kerala

സിപിഎം മന്ത്രിമാര്‍: വീണ്ടും മത്സരിക്കാന്‍ സാധ്യതയുള്ളവര്‍, ഇല്ലാത്തവര്‍

സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് മൂന്നില്‍ ഒന്ന് പേര്‍ മത്സരിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശം നടപ്പാക്കിയാല്‍ മുതിര്‍ന്ന മന്ത്രിമാര്‍ പലരും മത്സരരംഗത്ത് നിന്ന് വിട്ട് നിന്നേക്കും.

സിപിഎം മന്ത്രിമാര്‍: വീണ്ടും മത്സരിക്കാന്‍ സാധ്യതയുള്ളവര്‍, ഇല്ലാത്തവര്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ നിലവിലെ എല്ലാ മന്ത്രിമാരും മത്സരരംഗത്ത് ഉണ്ടായേക്കില്ല. സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് മൂന്നില്‍ ഒന്ന് പേര്‍ മത്സരിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശം നടപ്പാക്കിയാല്‍ മുതിര്‍ന്ന മന്ത്രിമാര്‍ പലരും മത്സരരംഗത്ത് നിന്ന് വിട്ട് നിന്നേക്കും. തുടര്‍ ഭരണം ലക്ഷ്യം വയ്ക്കുന്നത് കൊണ്ട് യുഡിഎഫ് കോട്ടകളായ സ്ഥലങ്ങളില്‍ പൊതു സ്വതന്ത്രരെ പരിഗണിക്കാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്.

പാര്‍ട്ടി സംവിധാനം ചലിപ്പിക്കണമെന്നത് കൊണ്ട് സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് മൂന്നില്‍ ഒന്ന് പേര്‍ മാത്രം മത്സരിച്ചാല്‍ മതിയെന്നാണ് സിപിഎം നേരത്തെ എടുത്തിരുന്ന തീരുമാനം. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇക്കാര്യത്തില്‍ ഇളവ് നല്‍കിയിരുന്നു. പക്ഷെ ഇത്തവണ അത് നടപ്പാക്കാനാണ് പാര്‍ട്ടിയുടെ ആലോചന. സെക്രട്ടറിയേറ്റില്‍ നിന്നുള്ള മന്ത്രിമാരായ പിണറായി വിജയനും കെ കെ ശൈലജയും ടി പി രാമകൃഷ്ണനും മത്സരരംഗത്ത് ഉണ്ടായേക്കും. ഇ പി ജയരാജനെ പാര്‍ട്ടി സമ്മേളനത്തോടെ സംസ്ഥാന സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചാല്‍ മത്സരരംഗത്ത് ഉണ്ടായേക്കില്ല. അങ്ങനെയെങ്കില്‍ കൂത്തുപറമ്പില്‍ നിന്ന് കെ കെ ശൈലജ മട്ടന്നൂരിലേക്ക് മാറും. കൂത്തുപറമ്പ് ഘടകക്ഷിയായ എല്‍ജെഡിക്ക് നല്‍കി അവിടെ കെ പി മോഹനന്‍ മത്സരിക്കും.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ മന്ത്രിമാർ തോമസ് ഐസക്കും എ കെ ബാലനും ഇത്തവണ മത്സരരംഗത്ത് ഉണ്ടാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ആലപ്പുഴ മണ്ഡലത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് നാല് തവണ മത്സരിച്ചെങ്കിലും ഐസകിന് ഇളവ് നല്‍കാന്‍ സാധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങളുള്ളത് കൊണ്ട് എം എം മണി ഇത്തവണ തെരഞ്ഞെടുപ്പിന് ഉണ്ടാകില്ലെന്നാണ് സൂചന. ജി സുധാകരന്‍ മത്സരരംഗത്ത് ഇല്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. മത്സരിക്കുകയാണെങ്കില്‍ അമ്പലപ്പുഴയില്‍ നിന്ന് കായംകുളത്തേക്ക് മാറാനും സാധ്യതയുണ്ട്.

കടകംപള്ളി സുരേന്ദ്രന്‍ കഴക്കൂട്ടത്തും സി രവീന്ദ്രനാഥ് പുതുക്കാടും മേഴ്സിക്കുട്ടിയമ്മ കുണ്ടറയിലും തന്നെ മത്സരിക്കാനാണ് സാധ്യത. മലബാര്‍ മേഖലയക്കുള്ള പ്രധാന്യം കണക്കിലെടുത്ത കെ ടി ജലീലിന് വീണ്ടും സീറ്റ് നല്‍കിയേക്കും. എ സി മൊയ്തീനും മത്സരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. അതേസമയം യുഡിഎഫ് കോട്ടകളില്‍ പൊതു സ്വതന്ത്രരെ നിര്‍ത്തി മണ്ഡലങ്ങള്‍ പിടിക്കാനാണ് സിപിഎമ്മിന്‍റെ ആലോചന.