തൃപ്പെരുന്തുറ പഞ്ചായത്തിലെ പ്രസിഡന്റിന്റെ രാജി; ബിജെപി-സിപിഎം ധാരണയെന്ന് കോണ്‍ഗ്രസ്
രാജി തീരുമാനം ബി.ജെ.പിയെ സഹായിക്കാനാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം

പ്രതിപക്ഷനേതാവിന്റെ പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തുറയിലെ സഖ്യത്തെച്ചൊല്ലി കൊമ്പുകോര്‍ത്ത് സി.പി.എമ്മും കോണ്‍ഗ്രസും. യു.ഡി.എഫ് പിന്തുണയോടെ ലഭിച്ച പ്രസിഡന്റ് സ്ഥാനം സി.പി.എം രാജിവെച്ചത് ബി.ജെ.പിയുമായുള്ള ധാരണയെത്തുടര്‍ന്നാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ യു.ഡി.എഫ് പിന്തുണ സ്വീകരിക്കുന്നത് രാഷ്ട്രീയശരികേടെന്നാണ് രാജിയില്‍ സി.പി.എം വിശദീകരണം.
എല്‍.ഡി.എഫ് പിന്മാറിയതോടെ പഞ്ചായത്ത് ഭരണം ബി.ജെ.പിക്ക് ലഭിച്ചേക്കും. യു.ഡി.എഫിനും ബി.ജെ.പിക്കും ആറുവീതവും എല്‍.ഡി.എഫിന് അഞ്ച് സീറ്റുമാണ് തൃപ്പെരുന്തുറ പഞ്ചായത്തില്‍ ലഭിച്ചത്. പട്ടികജാതി വനിതാസംവരണമായിരുന്നു പ്രസിഡന്റ് സ്ഥാനം. ഈവിഭാഗത്തില് ആരും ജയിക്കാത്തതിനാല് യു.ഡി.എഫ് ,എല്‍.ഡി.എഫിനെ പിന്തുണച്ചതോടെ സി.പി.എമ്മിലെ വിജയമ്മ ഫിലേന്ദ്രന് പ്രസിഡന്റായി.
പ്രതിപക്ഷനേതാവിന്റെ പഞ്ചായത്തില്‍ ബി.ജെ.പി ഭരണം ഒഴിവാക്കുകയായിരുന്നു പിന്തുണക്ക് കാരണം. എന്നാല്‍ കൂട്ടുകെട്ട് ബി.ജെ.പി ആയുധമാക്കിയതോടെ പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ സി.പി.എം തീരുമാനിച്ചു. അതേസമയം രാജി തീരുമാനം ബി.ജെ.പിയെ സഹായിക്കാനാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
തിരുവന്‍വണ്ടൂരില്‍ യു.ഡി.എഫ് പിന്തുണയോടെ ലഭിച്ച പ്രസിഡന്റ് സ്ഥാനം സി.പി.എം അന്നുതന്നെ രാജിവെച്ചിരുന്നു. ചെന്നിത്തല തൃപ്പെരുന്തുറയില്‍ പിന്തുണ സ്വീകരിക്കുകയാണ് സി.പി.എം ചെയ്തത്. നിയമസഭാതെരഞ്ഞെടുപ്പില്‍ ഈസഖ്യം തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ രാജി തീരുമാനം.
അതേസമയം തിരുവന്‍വണ്ടൂരിന് പിന്നാലെ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ ഭരണവും പ്രതിസന്ധിയിലായി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കാണ് സാധ്യത. ഈരണ്ട് പഞ്ചായത്തുകള്ക്കൂടി ലഭിച്ചാല്‍ ജില്ലയില്‍ ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്തുകളുടെ എണ്ണം നാലാകും.