പാലായില്‍ എന്‍.സി.പിക്ക് ഉറപ്പ് നല്‍കാതെ മുഖ്യമന്ത്രി; വിട്ടുവീഴ്ചയ്ക്കില്ലെന്ന് ടി.പി പിതാംബരന്
മത്സരിച്ച നാല് സീറ്റുകളും തുടര്‍ന്നും ലഭിക്കണമെന്ന നിലപാട് എന്‍.സി.പി നേതാക്കള്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ മുന്നോട്ട് വെച്ചു

എന്‍.സി.പിക്ക് പാലാ സീറ്റ് നല്കുന്ന കാര്യത്തില്‍ ഉറപ്പ് നല്‍കാതെ മുഖ്യമന്ത്രി. മത്സരിച്ച നാല് സീറ്റുകളും തുടര്‍ന്നും ലഭിക്കണമെന്ന നിലപാട് എന്‍.സി.പി നേതാക്കള്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ മുന്നോട്ട് വെച്ചു. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉറപ്പ് ലഭിക്കാതെ വന്ന സാഹചര്യത്തില്‍ ഉടന്‍ കേരളത്തിലെത്തുന്ന ശരത് പവാര്‍ മുന്നണി മാറ്റകാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും.
നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു ചര്‍ച്ച. ടി പി പിതാംബരന് പുറമേ മന്ത്രി എ.കെ ശശീന്ദ്രനെയും യോഗത്തിലേക്ക് മുഖ്യമന്ത്രി വിളിച്ചു വരുത്തി. എന്‍.സി.പിയുടെ നിലപാട് നേതാക്കള്‍ ആവര്‍ത്തിച്ചു. ഇതോടെ കൂട്ടായി തീരുമാനം എടുക്കാമെന്ന നിലപാടിലേക്ക് മുഖ്യമന്ത്രി എത്തി. ചര്‍ച്ചകള്‍ വീണ്ടും നടത്താമെന്ന ധാരണയില്‍ വ്യക്തമായ തീരുമാനങ്ങളില്ലാതെ കൂടിക്കാഴ്ച അവസാനിച്ചു . വിട്ടുവീഴ്ചയ്ക്കില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ടി.പി പിതാംബരനും ആവര്‍ത്തിച്ചു. പുതുതായി വന്നവര്‍ക്ക് സിറ്റിങ് സീറ്റ് കൊടുക്കണമെന്നുണ്ടോയെന്ന ചോദ്യം കൂടി എന്‍.സി.പി ഉയര്‍ത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി.
ഞായറാഴ്ചയോടെ ശരത് പവാര്‍ കേരളത്തിലെത്തുമെന്നാണ് എന്‍.സി.പി പിതാംബരന് വിഭാഗത്തിന്റെ പ്രതീക്ഷ. മുന്നണി മാറ്റം സാധ്യമല്ലെന്ന നിലപാടില്‍ എ.കെ ശശീന്ദ്രന് വിഭാഗം ഉറച്ച് നില്ക്കുന്നതിനാല് എന്‍സിപിയില്‍ പിളര്‍പ്പ് ആസന്നമായി കഴിഞ്ഞു. പാലാ സീറ്റ് ജോസ് കെ. മാണി വിഭാഗത്തിന് എല്‍.ഡി.എഫ് നല്‍കുന്നതോടെ പിതാംബരന് വിഭാഗം മുന്നണിക്ക് പുറത്തേക്കും പോകും.