കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ്; സ്വര്‍ണവും വിദേശ ഉത്പന്നങ്ങളും പിടികൂടി
പരിശോധനയില്‍ നികുതി വെട്ടിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണവും വിദേശ ഉത്പന്നങ്ങളും പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ബി.ഐ റെയ്ഡ് നടത്തി. പരിശോധനയില്‍ നികുതി വെട്ടിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണവും വിദേശ ഉത്പന്നങ്ങളും പിടികൂടി. പുലര്‍ച്ചെ അഞ്ചരയോടെ പരിശോധന തുടങ്ങി. ഡി.ആര്.ഐയുടെ സഹകരണത്തോടെയായിരുന്നു റെയ്ഡ്. സി.ബി.ഐ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധനക്കായെത്തിയത്.
കസ്റ്റംസ് പരിശോധന കഴിഞ്ഞ് വിമാനത്താവളത്തിന് പുറത്തിറങ്ങിയ യാത്രക്കാരെ സി.ബി.ഐ വീണ്ടും പരിശോധിച്ചു. ഇവരില്‍ നിന്ന് സ്വര്‍ണവും വിദേശ കറൻസിയും വിദേശ ഉത്പന്നങ്ങളും പിടിച്ചെടുത്തു.
തുടര്‍ന്ന് യാത്രക്കാരെ പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥരേയും സി.ബി.ഐ സംഘം പരിശോധിച്ചു. കരിപ്പൂരില്‍ അടുത്തിടെ കോടികളുടെ സ്വര്‍ണമാണ് പിടികൂടിയത്. ഇന്നലെ മാത്രം ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു. നിരന്തരം സ്വര്‍ണം പിടികൂടുന്ന പശ്ചാത്തലത്തിലായിരുന്നു സി.ബി.ഐ യുടെ റെയ്ഡ്.