LiveTV

Live

Kerala

കാലിക്കറ്റ് സർവ്വകലാശാല രജിസ്ട്രാർ ജോഷിയെ ഫെബ്രുവരി 14ന് മുമ്പ് പുറത്താക്കണം; ഹൈക്കോടതി

എയ്ഡഡ് കോളേജ് അധ്യാപകർക്ക് രജിസ്ട്രാർ സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലെന്ന കണ്ടത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവ്

കാലിക്കറ്റ് സർവ്വകലാശാല രജിസ്ട്രാർ ജോഷിയെ ഫെബ്രുവരി 14ന് മുമ്പ് പുറത്താക്കണം; ഹൈക്കോടതി

കാലിക്കറ്റ് സർവ്വകലാശാല രജിസ്ട്രാർ ഡോ.സി.എല്‍ ജോഷിയെ ഫെബ്രുവരി 14ന് മുമ്പ് പുറത്താക്കണമെന്ന് ഹൈക്കോടതി. എയ്ഡഡ് കോളേജ് അധ്യാപകർക്ക് രജിസ്ട്രാർ സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലെന്ന കണ്ടത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഫെബ്രുവരി 15നകം സ്ഥിരം നിയമനം നടത്തുമെന്ന് യൂണിവേഴ്സിറ്റി ഹൈക്കോടതിയെ അറിയിച്ചു.

എയ്ഡഡ് കോളേജില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ രജിസ്ട്രാർ,പരീക്ഷ കണ്‍ട്രോളര്‍,ഫിനാന്‍സ് ഓഫീസർ പദവികളില്‍ നിയമനം നടത്തരുതെന്നാണ് സർവ്വകലാശാല ചട്ടം. അത് മറികടന്നാണ് എയ്ഡഡ് സ്ഥാപനമായ തൃശൂര്‍ സെന്‍റ് തോമസ് കോളേജില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ രജിസ്ട്രാറെ നിയമിക്കുന്നത്. ഇതിനെതിരെ സെനറ്റ് അംഗമായ സി രാജേഷ് സമർപ്പിച്ച ഹരജിയിലാണ് സി.എല്‍ ജോഷിയെ ഫെബ്രുവരി 14നകം പുറത്താക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

സി.എല്‍ ജോഷി സ്ഥാനത്ത് തുടരുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെ ഉത്തരവിലുണ്ട്. അതേസമയം രജിസ്ട്രാര്‍ തസ്തികയില്‍ എയ്ഡഡ് കോളേജില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ നിയമനം നടത്താമെന്ന ചട്ടഭേദഗതിക്ക് സിന്‍ഡിക്കേറ്റിന്‍റെയും സെനറ്റിന്‍റെയും അനുമതി ലഭിച്ചിട്ടുണ്ട്. ചാന്‍സലര്‍ കൂടിയായ ഗവർണർ ഒപ്പിട്ടാല്‍ നിയമഭേദഗതി ലഭിക്കും. അതോടെ സി.എല്‍ ജോഷി തന്നെ രജിസ്ട്രാർ സ്ഥാനത്ത് തുടരുമെന്നാണ് സൂചന.