പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയില്‍ ബി.ജെ.പി പതാക കെട്ടിയ സംഭവം; ദൃശ്യങ്ങള്‍ പുറത്ത്
നഗരസഭയിലെ സി.സി.ടി.വി ക്യാമറയില്‍ ലഭിച്ച ദൃശ്യങ്ങള്‍ പൊലീസിന് കൈമാറി

പാലക്കാട് നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയില്‍ ബി.ജെ.പി പതാക കെട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത്. നഗരസഭയിലെ സി.സി.ടി.വി ക്യാമറയില്‍ ലഭിച്ച ദൃശ്യങ്ങള്‍ പൊലീസിന് കൈമാറി.
ശനിയാഴ്ച്ച രാവിലെ 7.45 നാണ് ഒരു വ്യക്തി നഗരസഭയിലെ മതില് ചാടി കടക്കുന്നത്. നേരെ ഗാന്ധി പ്രതിമക്ക് മുന്‍മ്പിലേക്ക് നടക്കുന്നു. കോണി വഴി മുകളില്‍ കയറി ബി.ജെ.പി പതാക പ്രതിമയില്‍ കെട്ടിവെക്കുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. താഴെ ഇറങ്ങിയതിനു ശേഷം അല്‍പ്പ സമയം ചിലവിട്ട ശേഷമാണ് കൊടി കെട്ടിയ വ്യക്തി നഗരസഭ വളപ്പില്‍ നിന്നും പോകുന്നത്.
നഗരസഭയിലെ സി.സി.ടി.വിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. രണ്ടാം ശനിയാഴ്ച്ച രാവിലെയാണ് കൊടി കെട്ടിയതെന്ന് സി.സി.ടി.വി യിലെ സമയം തെളിയിക്കുന്നു. രണ്ട് ദിവസം ഗാന്ധി പ്രതിമ ബി.ജെ.പി പതാകയും ഏന്തി നില്‍ക്കേണ്ടി വന്നു.