യുഡിഎഫ് പിന്തുണയില്‍ ഭരണംലഭിച്ച ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം സിപിഎം രാജിവെക്കും
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ കൂട്ടുകെട്ട് ഗുണകരമാകില്ലെന്ന് അഭിപ്രായമുയര്‍ന്നു തുടര്‍ന്നാണ് രാജി
യു.ഡി.എഫ് പിന്തുണയോടെ ഭരണംലഭിച്ച ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം സിപിഎം രാജിവെക്കും. നിയമസഭാതെരഞ്ഞെടുപ്പ് വരാനിരിക്കെ കൂട്ടുകെട്ട് തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് രാജി തീരുമാനം. ബി.ജെ.പി ഭരണം ഒഴിവാക്കാനെന്ന് വിശദീകരിച്ചായിരുന്നു പ്രതിപക്ഷനേതാവിന്റെ പഞ്ചായത്തില്‍ യു.ഡി.എഫ്, എല്‍.ഡി.എഫിനെ പിന്തുണച്ചത്.
കഴിഞ്ഞതവണ എല്‍.ഡി.എഫ് ഭരിച്ച പഞ്ചായത്തില്‍ യു.ഡി.എഫിനും ബി.ജെ.പി.ക്കും ആറ് സീറ്റ് വീതവും എല്‍.ഡി.എഫിന് അഞ്ച് സീറ്റുമാണ് ലഭിച്ചത്. പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമായിരുന്നു. ആറുസീറ്റില്‍ ജയിച്ചെങ്കിലും യു.ഡി.എഫില്‍ പട്ടികജാതി വിഭാഗത്തിലുള്ള ആരും ജയിച്ചിരുന്നില്ല. അതേസമയം എല്‍.ഡി.എഫിനും ബിജെപിക്കും പട്ടികജാതി പ്രതിനിധികളുണ്ടായിരുന്നു. പ്രാദേശിക ധാരണയെ തുടര്‍ന്ന് ബി.ജെ.പിയെ മാറ്റിനിര്‍ത്താന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്, എല്‍.ഡി.എഫിനൊപ്പം നിന്നു.
സിപിഎമ്മിലെ വിജയമ്മ ഫിലേന്ദ്രന് പഞ്ചായത്ത് പ്രസിഡന്റായി. വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനും കിട്ടി. എന്നാല്‍ പ്രാദേശിക തലത്തിലുണ്ടായ ധാരണയെത്തുടര്ന്നുള്ള കൂട്ടുകെട്ട് പാര്‍ട്ടിക്കെതിരായ വികാരമുണ്ടാക്കിയെന്ന് ഇന്നലെ ചേര്‍ന്ന സി.പി.എം ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ കൂട്ടുകെട്ട് ഗുണകരമാകില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. തുടര്‍ന്നാണ് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ നിര്‍ദേശം നല്‍കിയത്. എല്‍.ഡി.എഫ്-യു.ഡി.എഫ് കൂട്ടുകെട്ട് ബി.ജെ.പി രാഷ്ട്രീയായുധമാക്കിയിരുന്നു. കൂട്ടുകെട്ടിനെതിരെ രമേശ് ചെന്നിത്തലയുടെ വീടിന് മുന്നില്‍ ബിജെപി പ്രതിഷേധിക്കുകയും കോലം കത്തിക്കുകയും ചെയ്തിരുന്നു.