ഇടത് മുന്നണിയിലെ ചെറുകക്ഷികള്‍ക്ക് ഇത്തവണ സീറ്റ് നഷ്ടമുണ്ടാകും
കേരള കോണ്‍ഗ്രസ് എമ്മിനും എല്‍.ജെ.ഡിയ്ക്കും നല്‍കാനുള്ള സീറ്റുകള്‍ ചെറുകക്ഷികളില്‍ നിന്ന് ഏറ്റെടുക്കാനാണ് സി.പി.എം ആലോചിക്കുന്നത്
ഇടത് മുന്നണിയിലെ ചെറുകക്ഷികള്‍ക്ക് ഇത്തവണ സീറ്റ് നഷ്ടമുണ്ടാകും. കേരള കോണ്‍ഗ്രസ് എമ്മിനും എല്‍.ജെ.ഡിയ്ക്കും നല്‍കാനുള്ള സീറ്റുകള്‍ ചെറുകക്ഷികളില്‍ നിന്ന് ഏറ്റെടുക്കാനാണ് സി.പി.എം ആലോചിക്കുന്നത്. ജനാധിപത്യകേരള കോണ്‍ഗ്രസിനും എന്‍.സി.പിയ്ക്കും കാര്യമായ നഷ്ടമുണ്ടാകാനാണ് സാധ്യത. കഴിഞ്ഞ തവണ സി.പി.എം 92 സീറ്റിലും സി.പി.ഐ 27 സീറ്റിലുമാണ് മത്സരിച്ചത്. ചവറയില്‍ മത്സരിച്ച സി.എം.പി, സി.പി.എമ്മില്‍ ലയിച്ചതോടെ ആ സീറ്റും പാര്‍ട്ടിയുടെ കണക്കിലായി.
പുതിയ കക്ഷികള്‍ വന്നതോടെ പഴയത് പോലെ സീറ്റ് കിട്ടില്ലെന്ന് സിപി.എമ്മി.ന് ബോധ്യമുണ്ട്. യു.ഡി.എഫില്‍ ആയിരുന്നപ്പോള്‍ 15 സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് എമ്മിന് കുറഞ്ഞത് എട്ട് സീറ്റെങ്കിലും നല്‍കേണ്ടി വരും. എഴ് സീറ്റില്‍ മത്സരിച്ചിരുന്ന എല്‍.ജെ.ഡിയ്ക്ക് മൂന്നെണ്ണമെങ്കിലും നല്‍കണം. തങ്ങളുടേയും സി.പി.ഐയുടേയും സീറ്റ് നഷ്ടം പരമാവധി കുറയ്ക്കാന്‍ മുന്നണിയുടെ ചെറുഘടകകക്ഷികളില് നിന്ന് സീറ്റ് ഏറ്റെടുക്കാനാണ് സി.പി.എം നേതൃത്വം ആലോചിക്കുന്നത്.
കഴിഞ്ഞ തവണ നാല് സീറ്റില്‍ മത്സരിച്ച ജനാധിപത്യകേരള കോണ്‍ഗ്രസ് പിളര്‍ന്നത് കൊണ്ട് ഇത്തവണ ഒരു സീറ്റ് മാത്രമേ ലഭിക്കാന്‍ സാധ്യതയുള്ളു. ഇടുക്കി, ചങ്ങനാശ്ശേരി ഏറ്റെടുത്ത് കേരള കോണ്‍ഗ്രസിന് നല്‍കും. തിരുവനന്തപുരം സീറ്റ് സി.പി.എം ഏറ്റെടുക്കാനും ആലോചിക്കുന്നുണ്ട്.
പിളര്‍പ്പിന്റെ വക്കില്‍ നില്ക്കുന്ന എന്‍.സി.പിയ്ക്ക് പാലയും കോട്ടയ്ക്കലും നഷ്ടമാകും. അഞ്ച് സീറ്റില്‍ മത്സരിച്ച ജെ.ഡി.എസിന് വടകരയും അങ്കമാലിയും ഇത്തണവ ഉണ്ടാകാന്‍ സാധ്യതയില്ല. വടകര ഏറ്റെടുത്ത് എല്‍.ജെ.ഡിയ്ക്ക് നല്‍കിയേക്കും. മൂന്നിടത്ത് മത്സരിച്ച ഐ.എന്‍.എല്ലിനും സീറ്റ് കുറയും. സ്കറിയ തോമസ് മത്സരിച്ച കടുത്തുരുത്തി സീറ്റ് ഇത്തവണ കേരള കോണ്‍ഗ്രസിനായിരിക്കും. സീറ്റ് ഏറ്റെടുക്കുമ്പോള്‍ ചെറുകക്ഷികള്‍ക്കുള്ള എതിര്‍പ്പ് ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഎം.