LiveTV

Live

Kerala

വെൽഫെയർ പാർട്ടിയുമായി താൻ ചർച്ച നടത്തിയെന്ന വാർത്ത കെട്ടിച്ചമച്ചതാണെന്ന് മുല്ലപ്പള്ളി

കെട്ടിച്ചമച്ചതാണെന്ന് പറയുന്നതിലൂടെ മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയം അപഹാസ്യനാകുന്നതായി വെല്‍ഫെയര്‍പാര്‍ട്ടി

വെൽഫെയർ പാർട്ടിയുമായി താൻ ചർച്ച നടത്തിയെന്ന വാർത്ത കെട്ടിച്ചമച്ചതാണെന്ന് മുല്ലപ്പള്ളി

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്കിനെ കുറിച്ച് നേരിട്ട് ചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തലിന് കൃത്യമായ മറുപടി പറയാതെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് മുല്ലപ്പള്ളി രാമചന്ദ്രന്റെ മറുപടി. എന്നാല്‍ കെട്ടിച്ചമച്ചതാണെന്ന് പറയുന്നതിലൂടെ മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയം അപഹാസ്യനാകുന്നതായി വെല്‍ഫെയര്‍പാര്‍ട്ടി തിരിച്ചടിച്ചു.

മുല്ലപ്പള്ളി രാമചന്ദ്രനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ നീക്ക് പോക്കുണ്ടാക്കിയതെന്ന് വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് താന്‍ എഐസിസി നിലപാടില്‍ വെള്ളം ചേര്‍ത്തിട്ടില്ലെന്നും തന്റെ മതേതര നിലപാടില്‍ ആര്‍ക്കും സംശയമില്ലെന്നുമായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ മറുപടി. മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചപ്പോള്‍ വാര്‍ത്തയെ തള്ളിപറയുക മാത്രമാണ് മുല്ലപ്പള്ളി ചെയ്തത്.

എന്നാല്‍ വെല്‍ഫെയര്‍പാര്‍ട്ടിയാകട്ടെ ഒന്നിലധികം തവണ മുല്ലപ്പള്ളി രാമചന്ദ്രനുമായി ചര്‍ച്ച നടത്തിയെന്ന് കൂടി വെളിപ്പെടുത്തി. വെൽഫെയർ പാർട്ടിയുമായി ചർച്ച നടത്തിയെന്നത് കെട്ടി ചമച്ചതെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന അപഹാസ്യമെന്ന് വെൽഫെയർ പാർട്ടി ജനറൽ സെക്രട്ടറി കെ എ ഷഫീഖ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ നീക്ക്പോക്കിന് നേതൃതല അറിവുണ്ട്.. ഒന്നിലധികം തവണ മുല്ലപ്പള്ളിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും വെൽഫെയർ പാർട്ടി ജനറൽ സെക്രട്ടറി കെ എ ഷഫീഖ് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി മറച്ചുവെക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ വെൽഫയർ പാർട്ടിയെ കരുവാക്കുകയാണെന്ന് വെല്‍ഫയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം ഇന്നലെ പറഞ്ഞിരുന്നു. വെല്‍ഫെയർ പാർട്ടിയുമായുള്ള ധാരണ കെപിസിസി പ്രസിഡന്‍റ് നിഷേധിക്കുന്നത് അവസരവാദ രാഷ്ട്രീയമാണ്. യുഡിഎഫുമായി നിയമസഭയില്‍ നീക്ക് പോക്ക് ഉണ്ടാവില്ല. നിലവിലുള്ള ധാരണ തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പില്‍ മാത്രമായിരുന്നുവെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.