LiveTV

Live

Kerala

പാലായിൽ മത്സരിക്കാൻ തയ്യാറെന്ന് പി.സി ജോര്‍ജ്ജ്

യുഡിഎഫിന് മുന്നിൽ നിബന്ധന വെച്ച് പി സി ജോർജ്. പൂഞ്ഞാറിന് പുറമെ പാലായോ കാഞ്ഞിരപ്പള്ളിയോ ആവശ്യപ്പെടും

പാലായിൽ മത്സരിക്കാൻ തയ്യാറെന്ന് പി.സി ജോര്‍ജ്ജ്

യുഡിഎഫിന്‍റെ ഘടകകക്ഷിയാകാനായി നിബന്ധന മുന്നോട്ട് വെച്ച് പി.സി ജോര്‍ജ്ജ്. പൂഞ്ഞാറിന് പുറമേ കാഞ്ഞിരപ്പള്ളിയോ പാലയോ വേണമെന്നാണ് ജോര്‍ജ്ജിന്‍റെ ആവശ്യം. ജോര്‍ജ്ജിനെ ഘടകക്ഷിയാക്കുന്നതില്‍ ജോസഫ് ഗ്രൂപ്പിന് എതിര്‍പ്പുണ്ട്. ജോര്‍ജ്ജ് യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തിയത് താനറിഞ്ഞിട്ടില്ലെന്നായിരുന്നു കെപിപിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രതികരണം

യുഡിഎഫ് നേതാക്കളാണ് സഹകരിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്. മാന്യമായ പരിഗണന വേണം. പൂഞ്ഞാര്‍ സീറ്റിന് ഒരു സീറ്റ് കൂടി വേണമെന്ന നിര്‍ദേശമാണ് പി സി ജോര്‍ജ്ജ് മുന്നോട്ട് വെച്ചിരിക്കുന്നത്.

മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് വരുന്നില്ലെങ്കില്‍ പാലായില്‍ താന്‍ തന്നെ മത്സരിക്കാമെന്ന നിര്‍ദേശവും യുഡിഎഫ് നേതാക്കളെ ജോര്‍ജ്ജ് അറിയിച്ചു. എന്നാല്‍ ജോര്‍ജ്ജിന്‍റെ ജനപക്ഷത്തെ ഘടകകക്ഷിയാക്കേണ്ടതില്ലെന്ന നിലപാടിലാണ് ജോസഫ് ഗ്രൂപ്പ്. പകരം സ്വതന്ത്രനായി സഹകരിപ്പിച്ചാല്‍ മതിയെന്ന നിര്‍ദേശവും ജോസഫ് വിഭാഗം മുന്നോട്ട് വെയ്ക്കും. പിസി ജോര്‍ജ്ജ് താനുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിശദീകരിച്ചു.

എന്നാല്‍ പിസി ജോര്‍ജ്ജ് മുന്നണിയിലേക്ക് വരട്ടെയെന്ന നിലപാടിലാണ് ലീഗ്. പി സി ജോർജ് മുന്നണിയിലേക്ക് വന്നാൽ അത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന് മുസ്ലീം ലീഗ് നേതാവ് കെ എസ് ഹംസ അഭിപ്രായപ്പെട്ടും ജോസ് കെ മാണിയുടെ മുന്നണിമാറ്റം യുഡിഎഫിനെ ബാധിക്കാതിരിക്കാൻ പി സി ജോർജിനേയും പി സി തോമസിനേയും പോലുള്ളവരുടെ വരവ് സഹായിക്കും.. എന്നാൽ പി സി ജോർജ് വരുന്നതിന് മുൻപ് തന്നെ പ്രദേശിക തലത്തിലെ എതിർപ്പ് മറികടക്കേണ്ടതുണ്ട് എന്നും കെ എസ് ഹംസ പറഞ്ഞു.

പൂഞ്ഞാറിലെ എതിര്‍പ്പുകള്‍ താല്‍ക്കാലികമാണെന്ന നിലപാടിലാണ് പി. സി ജോര്‍ജ്ജും ജോര്‍ജ്ജിന്‍റെ മുന്നണി പ്രവേശനം ആഗ്രഹിക്കുന്ന യുഡിഎഫ് നേതാക്കളും.