LiveTV

Live

Kerala

കൽപ്പറ്റ സീറ്റ് വേണമെന്ന് മുസ്‍ലിം ലീഗ്

മണ്ഡലം കമ്മിറ്റി പ്രമേയം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

കൽപ്പറ്റ സീറ്റ് വേണമെന്ന് മുസ്‍ലിം ലീഗ്

കൽപ്പറ്റ നിയമസഭാ സീറ്റ് ആവശ്യപ്പെട്ട് മുസ്‍ലിം ലീഗ്. മണ്ഡലം കമ്മിറ്റി പ്രമേയം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. സംസ്ഥാന കമ്മിറ്റിക്ക് അനുകൂല നിലപാടെന്ന് നേതാക്കൾ പ്രതികരിച്ചു.

എല്‍ജെഡിയുടെ സിറ്റിങ് സീറ്റായിരുന്നു കല്‍പ്പറ്റ. ഇപ്പോള്‍ എല്‍ജെഡി എല്‍ഡിഎഫിനൊപ്പമാണ്. അതുകൊണ്ട് യുഡിഎഫില്‍ വേറെ ആര്‍ക്കും അവകാശവാദം ഉന്നയിക്കാന്‍ കഴിയില്ലെന്ന് ലീഗ് വിലയിരുത്തുന്നു. ലീഗിന് മത്സരിക്കാന്‍ സീറ്റ് ഇല്ലാത്ത ജില്ല എന്ന നിലയിലും തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം കണക്കിലെടുത്തും കല്‍പ്പറ്റ നല്‍കണമെന്നാണ് ആവശ്യം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാനുള്ള ധാരണ മുസ്‍ലിം ലീഗിനകത്തുണ്ടെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നേരത്തെ മീഡിയവണിനോട് പറഞ്ഞിരുന്നു. അതിനുള്ള അവകാശവും അര്‍ഹതയും ലീഗിനുണ്ടെന്നും തങ്ങള്‍ വ്യക്തമാക്കി.

കോഴിക്കോട് ജില്ലയില്‍ അധികമായി രണ്ട് സീറ്റുകള്‍ വാങ്ങണമെന്ന് മുസ്‍ലിം ലീഗ് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ഔദ്യോഗികമായി ആവശ്യപ്പെടുകയുണ്ടായി. വടകര, പേരാമ്പ്ര, ബേപ്പൂർ സീറ്റുകളില്‍ ഏതെങ്കിലും രണ്ട് സീറ്റുകള്‍ വേണമെന്നാണ് നിലപാട്. കഴിഞ്ഞ തവണ മത്സരിച്ച ബാലുശ്ശേരിക്ക് പകരം മുമ്പുണ്ടായിരുന്ന കുന്ദമംഗലം തിരികെ വാങ്ങണമെന്നും സംസ്ഥാന കമ്മിറ്റി പ്രതിനിധിയായി എത്തിയ കെപിഎ മജീദിനോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

കണ്ണൂരില്‍ അഴീക്കോട് മാത്രം പോരാ എന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ നിലപാട്. തളിപറമ്പ്, കൂത്തുപറമ്പ് സീറ്റുകള്‍ കൂടി വേണമെന്നാണ് ആവശ്യം.