LiveTV

Live

Kerala

കേരള മാതൃക പിന്തുടരാന്‍ മധ്യപ്രദേശും; ഉത്തരവാദിത്ത ടൂറിസം നടപ്പാക്കാന്‍ കേരളവുമായി ധാരണാപത്രം

ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം തിരുവനന്തപുരത്ത് ഈ മാസം 13ന് നടക്കുന്ന ചടങ്ങില്‍ കൈമാറും

കേരള മാതൃക പിന്തുടരാന്‍ മധ്യപ്രദേശും;  ഉത്തരവാദിത്ത ടൂറിസം നടപ്പാക്കാന്‍ കേരളവുമായി ധാരണാപത്രം

കേരള ടൂറിസത്തിന് അന്താരാഷ്ട്രതലത്തില്‍ പ്രശസ്തി നേടിക്കൊടുത്ത ഉത്തരവാദിത്ത ടൂറിസം പദ്ധതി മാതൃകയാക്കി നടപ്പാക്കാന്‍ മധ്യപ്രദേശ് തീരുമാനിച്ചു. കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷനാണ് മധ്യപ്രദേശില്‍ ഈ പദ്ധതി നടപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം തിരുവനന്തപുരത്ത് ഈ മാസം 13ന് നടക്കുന്ന ചടങ്ങില്‍ കൈമാറും.

ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ നേരിട്ട് കണ്ട് പഠിക്കാനും ധാരണാപത്രം കൈമാറുന്നതിനുമായി മധ്യപ്രദേശ് ടൂറിസം - സാംസ്ക്കാരിക വകുപ്പ് മന്ത്രി ഉഷാ ഠാക്കൂറിന്‍റെ നേതൃത്വത്തിലുള്ള 13 അംഗ സംഘം ജനുവരി 12 മുതല്‍ ഏഴ് ദിവസം കേരളത്തില്‍ പര്യടനം നടത്തും.

ഉത്തരവാദിത്ത ടൂറിസത്തിലെ കേരള മാതൃക പല സംസ്ഥാനങ്ങളും പിന്തുടരുന്നുണ്ടെങ്കിലും ധാരണാപത്രം ഒപ്പിടുന്നത് ഇത് ആദ്യമായാണ്. മധ്യപ്രദേശ് ടൂറിസം ബോര്‍ഡ് ഡയറക്ടര്‍ മനോജ് കുമാര്‍ സിംഗ്, ഉത്തരവാദിത്ത ടൂറിസം മിഷന്‍ കേരള കോ-ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ എന്നിവരാണ് പദ്ധതിയുടെ നോഡല്‍ ഓഫീസര്‍മാര്‍. മധ്യപ്രദേശ് സംഘത്തിന്‍റെ സന്ദര്‍ശനത്തിന് ശേഷം ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംഘവും മധ്യപ്രദേശ് സന്ദര്‍ശിക്കുന്നുണ്ട്.

പ്രാദേശിക ജനതയെക്കൂടി വികസന ധാരയിലേക്കെത്തിക്കാന്‍ കേരളം തുടങ്ങിവച്ച മാതൃക മറ്റ് സംസ്ഥാനങ്ങളും അനുകരിക്കുന്നത് ആഹ്ലാദകരമാണെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മധ്യപ്രദേശിനെക്കൂടാതെ മറ്റ് സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ടൂറിസം മേഖലയിലെ വികസനത്തിനൊപ്പം കേരളത്തിലെ സാമൂഹ്യവികസന മാതൃക മറ്റ് സംസ്ഥാനങ്ങളിലേക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു.

20,000 യൂണിറ്റുകളിലൂടെ 1,09,000 ഗുണഭോക്താക്കളാണ് ഉത്തരവാദിത്ത ടൂറിസത്തിനുള്ളതെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ്ജ് പറഞ്ഞു. 38 കോടി രൂപയുടെ വരുമാനമാണ് ടൂറിസം മേഖലയില്‍ നിന്നും ഈ പദ്ധതി വഴി പ്രാദേശിക ജനതക്ക് ലഭിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ധാരണാപത്ര പ്രകാരം 16 ഇന പരിപാടിയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ മധ്യപ്രദേശില്‍ നടപ്പാക്കേണ്ടത്. കേരളത്തില്‍ നടപ്പാക്കിയിട്ടുള്ള ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ മധ്യപ്രദേശിന് അനുയോജ്യമായ നിലയില്‍ നടപ്പാക്കുക, ഉത്തരവാദിത്ത ടൂറിസത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍ രൂപീകരണത്തില്‍ സഹായം, പദ്ധതി നടപ്പാക്കുന്നതിനു വേണ്ടിയുള്ള മനുഷ്യവിഭവ ശേഷി തയ്യാറാക്കല്‍, പരിശീലന പരിപാടികള്‍, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ രൂപീകരിക്കുന്നതിലെ മാനദണ്ഡങ്ങള്‍, സുസ്ഥിര ടൂറിസം കേന്ദ്രങ്ങള്‍ കണ്ടെത്തി അവിടെ ഉത്തരവാദിത്ത ടൂറിസം നടപ്പാക്കുന്നതിനുള്ള സാധ്യതകള്‍ തേടല്‍, സാമൂഹ്യവും പാരിസ്ഥിതികവുമായ സുരക്ഷാമാനദണ്ഡങ്ങള്‍ രൂപീകരിക്കല്‍, ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്റ്റേ എന്നിവയുടെ തരം തിരിക്കലില്‍ സഹായം, ടൂറിസം ക്ലബുകളുടെ രൂപീകരണം, ശുചിമുറികള്‍, വിശ്രമകേന്ദ്രങ്ങള്‍ എന്നിവ രേഖപ്പെടുത്തിയ കേരള മാതൃക നടപ്പാക്കല്‍, അതത് ടൂറിസം കേന്ദ്രങ്ങളിലെ മനുഷ്യവിഭവ ശേഷി കണ്ടെത്തല്‍, പ്രാദേശികമായ കരകൗശല വിദ്യകള്‍ കണ്ടെത്തുകയും അവ സ്മരണികകളുടെ രൂപത്തില്‍ വിപണനം ചെയ്യുന്ന കേരള മാതൃക നടപ്പാക്കല്‍, ആഘോഷ വേളകളില്‍ ടൂറിസം പാക്കേജ് നടപ്പാക്കുക, ടൂറിസം കേന്ദ്രങ്ങളുടെ സുരക്ഷാപഠനവും ഓഡിറ്റും, സാമൂഹ്യടൂറിസം പദ്ധതിയിലെ ജീവനക്കാരുടെ പരിശീലനം, ടൂറിസം കേന്ദ്രങ്ങളിലെ പെരുമാറ്റ മാനദണ്ഡങ്ങള്‍ രൂപീകരിക്കല്‍ തുടങ്ങിയവയാണ് ചുമതലകള്‍.