LiveTV

Live

Kerala

ആട്ടിന്‍ പറ്റങ്ങളെ പോലെ അഴിച്ച് വിട്ടാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിക്കില്ല; വിമര്‍ശിച്ച് കൊടിക്കുന്നില്‍ സുരേഷ്

എ.ഐ.സി.പ്രതിനിധി പങ്കെടുത്ത യോഗത്തിലായിരുന്നു കൊടിക്കുന്നിലിന്റെ പ്രതികരണം

ആട്ടിന്‍ പറ്റങ്ങളെ പോലെ അഴിച്ച് വിട്ടാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിക്കില്ല; വിമര്‍ശിച്ച് കൊടിക്കുന്നില്‍ സുരേഷ്

ആട്ടിന്‍ പറ്റങ്ങളെ പോലെ അഴിച്ച് വിട്ടാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിക്കില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് പാര്‍ട്ടിക്ക് കനത്ത പരാജയം നേരിടേണ്ടി വന്നത് ഇതു മൂലമാണെന്നും ജില്ലാ നേതൃയോഗത്തില്‍ കൊടിക്കുന്നില്‍ വിമര്‍ശിച്ചു. എ.ഐ.സി.പ്രതിനിധി പങ്കെടുത്ത യോഗത്തിലായിരുന്നു കൊടിക്കുന്നിലിന്റെ പ്രതികരണം.

തദ്ധേശ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം എല്ലാ ജില്ലകളിലും എ.ഐ.സി.സി പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസ് നേതൃയോഗങ്ങള്‍ നടക്കുന്നത്. കൊല്ലത്ത് നടന്ന നേതൃയോഗത്തില്‍ തെക്കന്‍ കേരളത്തിന്റെ ചുമതല വഹിക്കുന്ന പി.വിശ്വനാഥന്‍ പങ്കെടുത്തു.

അച്ചടക്കമില്ലാത്ത പ്രവര്‍ത്തനം മൂലമാണ് ജില്ലയില്‍ കോണ്‍ഗ്രസിന് കനത്ത പരാജയം നേരിടേണ്ടി വന്നതെന്ന് യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. ആട്ടിന്‍ പറ്റങ്ങളെ പോലെ സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം നല്‍കി വിട്ടാല്‍ ആരും വിജയിക്കില്ല. സ്ഥാനാര്‍ഥികളെ വിജയിപ്പിക്കേണ്ട ദൗത്യം പാര്‍ട്ടി ഏറ്റെടുക്കണം ഇതൊന്നും സംഭവിക്കാത്തത് മൂലമാണ് ജില്ലയില്‍ കനത്ത പരാജയം നേരിടേണ്ടിവന്നതെന്നും കൊടിക്കുന്നില്‍ യോഗത്തില്‍ വിമര്‍ശിച്ചു.

നിര്‍ജീവമായ ബ്ലോക്ക് മണ്ഡലം കമ്മിറ്റികള്‍ പിരിച്ച് വിടുന്ന കാര്യത്തിലും യോഗത്തില്‍ ചര്‍ച്ച ഉയര്‍ന്നു. നിലവിലെ സാഹചര്യത്തില്‍ മുന്നോട്ട് പോയാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ തിരിച്ചടി കൊല്ലത്ത് ഉണ്ടാകുമെന്ന് യോഗത്തില്‍ കൊടിക്കുന്നില്‍ മുന്നറിയിപ്പ് നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ അഴിച്ച് പണി ജില്ലയിലെ പാര്‍ട്ടിയില്‍ ആവശ്യമാണെന്ന് മുതിര്‍ന്ന നേതാക്കള്‍ എ.ഐ.സി.സി പ്രതിനിധി വിശ്വനാഥനെ ബോധ്യപ്പെടുത്തി. ജനുവരി 26 ന് ശേഷം ബ്ലോക്ക്, മണ്ഡലം തലം മുതല്‍ പാര്‍ട്ടിയില്‍ അഴിച്ചുപണി ഉണ്ടാവാനാണ് സാധ്യത.