LiveTV

Live

Kerala

81ന്റെ നിറവിൽ ഗാനഗന്ധര്‍വന്‍: ഇത്തവണ മൂകാംബിക ക്ഷേത്ര ദർശനമില്ല

എല്ലാ ജന്‍മദിനത്തിലും മൂകാംബികയിലെത്തുന്ന യേശുദാസ് കോവിഡ് കാരണം ആ പതിവ് ഇത്തവണ മാറ്റി.

81ന്റെ നിറവിൽ ഗാനഗന്ധര്‍വന്‍: ഇത്തവണ മൂകാംബിക ക്ഷേത്ര ദർശനമില്ല

മലയാളികളുടെ ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസ് ഇന്ന് എണ്‍പത്തൊന്നാം പിറന്നാളിന്റെ നിറവിലാണ്. എന്നാൽ, പതിവ് മൂകാംബിക സന്ദര്‍ശനത്തിന് ഇത്തവണ ഗാനഗന്ധർവൻ എത്തില്ല. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് യേശുദാസിന്റെ തീരുമാനം. അമേരിക്കയിലെ അദ്ദേഹത്തിന്റെ വീട്ടിലാണ് ഇപ്രാവശ്യത്തെ പിറന്നാൾ ആഘോഷം.

ആറ് പതിറ്റാണ്ടായി ഗാനാസ്വാദനത്തിന്റെ അതിരില്ലാ തലങ്ങള്‍ സമ്മാനിച്ച് മലയാളിക്കൊപ്പമുണ്ട് യേശുദാസ്. പല തലമുറകളുടെ വൈകാരിക ഭാവങ്ങളുടെ സ്വരമായി എണ്‍പത്തൊന്നാം വയസിലും, ശ്രുതി പിഴക്കാതെ, ഇടര്‍ച്ചയില്ലാത്ത ഈണത്തില്‍ പാടുകയാണ് മലയാളികളുടെ ഈ ഗാനഗന്ധര്‍വന്‍.

നാൽപത്തിയെട്ട് വർഷമായി ജന്മദിനത്തിൽ മൂകാംബിക ക്ഷേത്രത്തിലെത്തി ദർശന പുണ്യം തേടുക യേശുദാസിന്റെ പതിവായിരുന്നു. കഴിഞ്ഞ പിറന്നാളിനും കുടുംബസമേതം അദ്ദേഹം മൂകാംബികയിലെത്തിരുന്നു. കോവിഡ് കാരണം ആ പതിവ് ഇത്തവണ അദ്ദേഹം വേണ്ടെന്നു വെച്ചു. വളരെ ലളിതമായ ആഘോഷമാണ് അമേരിക്കയിലെ വീട്ടിൽ സംഘടിപ്പിക്കുക. ഗാനഗന്ധർവന് സംഗീത ലോകം ആശംസകൾ നേർന്നു.