LiveTV

Live

Kerala

നിയമസഭ തെരഞ്ഞെടുപ്പ്, സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക്; യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും

മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സിപിഎം സീറ്റ് നല്‍കിയേക്കില്ല

നിയമസഭ തെരഞ്ഞെടുപ്പ്, സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക്; യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും

നിയമസഭ തെരഞ്ഞെടുപ്പിലും തദ്ദേശതെരഞ്ഞെടുപ്പിലേത് പോലെ യുവാക്കള്‍ക്ക് കൂടുതല്‍ പ്രതിനിധ്യം നല്‍കാനൊരുങ്ങി സിപിഎം. സീറ്റ് വിഭജനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കടക്കും. തുടര്‍ഭരണം ലക്ഷ്യം വച്ചുള്ള നീക്കങ്ങളാണ് നടത്തുന്നതെങ്കിലും തുടര്‍ച്ചയായി മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സിപിഎം സീറ്റ് നല്‍കിയേക്കില്ല. ജയസാധ്യതയുണ്ടോ എന്നത് കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.

കൊട്ടാരക്കര, റാന്നി, തളിപ്പറമ്പ്, കോഴിക്കോട് നോര്‍ത്ത്, ഗുരുവായൂര്‍, ദേവീകുളം എന്നിവിടങ്ങളില്‍ മൂന്ന് തവണ പൂര്‍ത്തിയാക്കിയവരാണ്. കൊട്ടാരക്കയില്‍ ഐഷപോറ്റിക്ക് പകരം കെ.എന്‍ ബാലഗോപാലിനെ പരിഗണിക്കുന്നുണ്ട്. അല്ലെങ്കില്‍ എസ്.ജയമോഹനെ സ്ഥാനാര്‍ത്ഥിയാക്കാനും ആലോചനയുണ്ട്. റാന്നി സീറ്റില്‍ കേരള കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ സാമൂദായിക സമവാക്യങ്ങള്‍ പാലിക്കാന്‍ രാജു എബ്രഹാമിനെ മാറ്റുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. തുടര്‍ച്ചയായി അഞ്ച് തവണ മത്സരിച്ച് ജയിച്ചയാളാണ് രാജു എബ്രഹാം. രാജുവിനെ മാറ്റിയാല്‍ വിജയസാധ്യതയെ ബാധിക്കുമോ എന്ന ആശങ്കയും സിപിഎമ്മിനുണ്ട്. തളിപ്പറമ്പ് എം.എല്‍.എ ജയിംസ് മാത്യു തുടര്‍ച്ചയായി മൂന്ന് തവണ മത്സരിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ രണ്ട് യുവനേതാക്കളുടെ പേരുകളാണ് ഇവിടുത്തേക്ക് പരിഗണിക്കുന്നത്.

മൂന്ന് തവണ ആയെങ്കിലും കോഴിക്കോട് നോര്‍ത്ത്, ഗുരുവായൂര്‍ എന്നിവടങ്ങളില്‍ നിന്ന് എ.പ്രദീപ് കുമാര്‍, കെ.വി അബ്ദുല്‍ ഖാദര്‍ എന്നിവരെ മാറ്റാന്‍ സാധ്യതയില്ല. ദേവീകുളത്ത് എസ്.രാജേന്ദ്രന് വീണ്ടും സീറ്റ് നല്‍കണമോ എന്ന കാര്യത്തില്‍ സംസ്ഥാനനേതൃത്വം അന്തിമ തീരുമാനമെടുക്കും.