LiveTV

Live

Kerala

വൈറ്റില, കുണ്ടന്നൂർ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

പദ്ധതി യാഥാർഥ്യമാക്കിയത് പ്രതിസന്ധികള്‍ തരണം ചെയ്തെന്ന് മുഖ്യമന്ത്രി

വൈറ്റില, കുണ്ടന്നൂർ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

വൈറ്റില , കുണ്ടന്നൂര്‍ പാലങ്ങള്‍ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. ഇതോടെ വര്‍ഷങ്ങളായുള്ള കൊച്ചിയിലെ ഗതാഗതകുരുക്കിന് ആശ്വാസം. ഓണ്‍ലൈനിലൂടെയായിരുന്നു പാലം ഉദ്ഘാടനം.

ഒമ്പതാം തീയതി ഒമ്പതരയ്ക്ക് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തതോടെ ആദ്യം തുറന്നു നൽകിയത് വൈറ്റില പാലം ആയിരുന്നു. നാട മുറിച്ച് പൊതുമരാമത്ത് മന്ത്രിയും മറ്റ് ജനപ്രതിനിധികളും പാലത്തിലൂടെ യാത്ര ചെയ്തതിന് പിന്നാലെ ആദ്യമെത്തിയത് വൈറ്റില സ്വദേശിയായ അച്ഛനും മകനും. പിന്നാലെ വാഹനങ്ങൾ വൈറ്റില പാലത്തിലൂടെ ചീറിപ്പാഞ്ഞു.

തൊട്ടുപിന്നാലെ 12 മണിയോടെ കുണ്ടന്നൂർ പാലത്തിന്‍റെ ഉദ്ഘാടനവും നടന്നു. ബൈക്ക് യാത്രക്കാരായ സ്വദേശി പാലം കടന്നതിന് പിന്നാലെ മറ്റുവാഹനങ്ങളും പാലത്തിലൂടെ കടന്നുപോയി.

പദ്ധതി യാഥാർഥ്യമാക്കിയത് പ്രതിസന്ധികള്‍ തരണം ചെയ്തെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രശ്നങ്ങൾ സൃഷ്ടിച്ച് പ്രശസ്തി നേടാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഉദ്ഘാടനത്തിന് മുന്നോടിയായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പാലങ്ങളുടെ അവസാനവട്ട മിനുക്കുപണികളെല്ലാം വിലയിരുത്തിയിരുന്നു. മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ജങ്ഷനുകളിലെ ഗതാഗതക്കുരുക്കിനാണ് പരിഹാരമാവുന്നത്.

മെട്രോ പാലത്തിന് താഴെ വൈറ്റില ജംഗ്ഷന് മുകളിലായി അപ്രോച്ച് റോഡ് അടക്കം 717 മീറ്റർ നീളത്തിലാണ് വൈറ്റില മേൽപ്പാലം പണിഞ്ഞിരിക്കുന്നത്. ചെലവ് 85 കോടി രൂപ. പണി തുടങ്ങിയത് 2017 ഡിസംബർ 11 ന്.

കൊച്ചി - ധനുഷ്കോടി ദേശീയപാതയ്ക്ക് മുകളിലൂടെ അപ്രോച്ച് റോഡ് അടക്കം 701 മീറ്റർ നീളത്തിലാണ്കുണ്ടന്നൂർ മേൽപ്പാലം. എഴുപത്തിനാലര കോടി രൂപ നിർമാണച്ചെലവിൽ പാലം പണി തുടങ്ങിയത് 2018 മാർച്ചിൽ. പാലം തുറക്കാൻ വൈകുന്നതിനെ ചൊല്ലിയുള്ള പ്രതിഷേധം നിലനിൽക്കെ ബാരിക്കേഡുകൾ മാറ്റി വി ഫോർ കേരള പ്രവർത്തകര്‍ പാലത്തിൽ വാഹനങ്ങൾ കയറ്റിയത് ഏറെ വിവാദത്തിന് വഴിവെച്ചു. പാലാരിവട്ടം പാലത്തിന്റെ അവസ്ഥ വരാതിരിക്കാന്‍ കുറ്റമറ്റരീതിയിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങളെല്ലാം നടത്തിയത്.