LiveTV

Live

Kerala

കെ.ജി ബാബുരാജിനു പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരം

പ്രവാസികൾക്ക് ഭാരതസർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമാണ് പ്രവാസി ഭാരതീയ സമ്മാന്‍

കെ.ജി ബാബുരാജിനു  പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരം

ബഹ്റൈൻ പ്രവാസികൾക്ക് അഭിമാനമായി കെ.ജി ബാബുരാജൻ. ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയും സാമൂഹ്യപ്രവർത്തകനുമായ കെ ജി ബാബുരാജ്, പ്രവാസികൾക്ക് ഭാരതസർക്കാർ നൽകുന്ന പരമോന്നതപുരസ്കാരമായ പ്രവാസി ഭാരതീയസമ്മാനിനു അർഹനായി.

തിരുവല്ല സ്വദേശിയായ ബാബുരാജ് തിരുവനന്തപുരം പേട്ട യിലാണ് ഇപ്പോൾ താമസിക്കുന്നത്. ഭാര്യ ദിൽറാണി ആർക്കിടെക്ട് ആണ്. മകൻ രജത് ബാബുരാജൻ സിവിൽ എഞ്ചിനീയറിംഗ് ബിരുദവും ജിയോടെക്നിക്കൽ എഞ്ചിനീറിങ്ങിൽ ബിരുദാനന്തര ബിരുദവും നേടി ഖത്തറിൽ വ്യവസായം നടത്തുന്നു. ഭാര്യ ഡോ. ഐശ്വര്യ. മകൾ ഡോ. രമ്യ, മരുമകൻ ഡോ. അബിൻ.

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ നിന്നും സിവിൽ എഞ്ചിനീറിങ്ങിൽ ബിരുദം നേടി 1979 ൽ സൗദി അറേബ്യയിലെത്തിയ ബാബുരാജ് രണ്ടു വർഷങ്ങൾക്കു ശേഷം ബഹറിനിൽ എത്തി. ചുരുങ്ങിയ കാലങ്ങൾ കൊണ്ടു ബഹറിനിലെ പ്രമുഖ ജിയോടെക്നിക്കൽ കൺസൾ ട്ടന്റ് ആയി മാറി. സൗദി -ബഹ്‌റൈൻ causeway, വിവിധ പാലങ്ങൾ, ഫിനാൻഷ്യൽ ഹാർബർ, സിറ്റി സെന്റർ, ആ ൽബ, ബഹ്‌റൈൻ എയർപോർട്ട് തുടങ്ങി ബഹ്‌റിനിലെ പ്രധാന നിർമിതികളിലൊക്കെ ഈ മലയാളി എഞ്ചിനീറുടെ കരങ്ങളുണ്ട്. ബഹ്‌റൈനിലും ഖത്തറിലുമായി പരന്നു കിടക്കുന്ന ഖത്തർ എഞ്ചിനീയറിംഗ് ലാബ് എന്ന അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ ഏതാണ്ട് 500 ലധികം സാങ്കേതികവിദഗ്ദർ ജോലി ചെയ്യുന്നു. നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ബാബുരാജ് ശിവഗിരി തീർത്ഥാടനകമ്മിറ്റിയുടെ ചെയർമാൻ കൂടിയാണ്.ശിവഗിരിമഠത്തിന്റെ പുതിയ അഡ്മിനിസ്ട്രേഷൻ ബ്ലോക്, ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ബാബുരാജ് ഹാൾ തുടങ്ങിയ കെട്ടിടങ്ങൾ അദ്ദേഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഉദാഹരണങ്ങൾ ആണ്.

കെ ജി ബാബുരാജൻ

ബഹ്‌റൈനും ഖത്തറുമടക്കം എല്ലാ ഗൾഫ് രാജ്യങ്ങളിലും പടർന്ന് കിടക്കുന്ന വലിയൊരു ബിസിനസ് ശൃംഖലയുടെ മേധാവിയും ജീവകാരുണ്യപ്രവർത്തനങ്ങളിൽ നിശബ്ദമാ‍യി എത്രയൊ തവണ തന്റെ കൈയ്യൊപ്പ് പതിപ്പിച്ച വ്യക്തി എന്ന നിലയിലും ഏറെ ശ്രദ്ധേയനായ കെ ജി ബാബുരാജൻ എന്ന ടെക്നോക്രാക്റ്റിനെ തേടി പതിനാറാമത് പ്രവാസി ഭാരതീയ ദിവസത്തിൽ പ്രവാസി ഭാരതീയ പുരസ്കാരമെത്തുമ്പോൾ ബഹ്‌റൈൻ പ്രവാസി ഇന്ത്യക്കാർക്കും അതിലുപരി രണ്ടര ലക്ഷത്തോളം വരുന്ന ബഹ്‌റൈൻ മലയാളികൾക്കും ഇത് അഭിമാന നിമിഷമാകുന്നു. 1954 നവംബർ 29ന് ആലപ്പുഴ ജില്ലയിലെ കുറ്റൂർ ഇരവിപ്പേരൂരിൽ ഹിന്ദി അദ്ധ്യാപകനായിരുന്ന കെ കെ ദിവാകരന്റെയും ഭാരതിയുടെയും രണ്ടാമത്തെ മകനായിട്ടാണ് കെ ജി ബാബുരാജൻ ജനിക്കുന്നത്. രസതന്ത്രത്തിലും പിന്നീട് സിവിൽ എഞ്ചിനീയറിംഗിലും ബിരുദം നേടിയ അദ്ദേഹം 1980ലാണ് സൌദി അറേബ്യയിൽ എത്തുന്നത്. ബ്രിട്ടീഷ് കമ്പനിയായ ഹാരി ടാഞ്ചർ ലിമിറ്റഡിന്റെയും സൌദി അറേബ്യയിലെ അൽ ഹോട്ടി കമ്പനിയുടെയും സംയുക്ത പ്രൊജക്ടിലായിരുന്നു അദ്ദേഹം ആദ്യം പ്രവർത്തിച്ചത്. വളരെ പെട്ടന്ന് തന്നെ രാജ്യത്തെ കെട്ടിട നിർമ്മാണം, റോഡുകൾ, പാലങ്ങൾ, റിഫൈനറികൾ, പവർസ്റ്റേഷനുകൾ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഗുണമേന്മാ പരിശോധനയിൽ കെ ജി ബാബുരാജന്റെ നിഗമനങ്ങൾ അവസാന വാക്കായി. ഇതേ കാരണം കൊണ്ട് തന്നെയായിരുന്നു ബഹ്‌റൈന്റെ വികസന കുതിപ്പിൽ എറ്റവും വലിയ പങ്ക് വഹിച്ച, ബഹ്‌റൈൻ സൌദി കോസ്വേ എന്ന 25 കി മി വരുന്ന കടൽ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിലും കെ ജി ബാബുരാജൻ പ്രധാന പങ്കാളിയായത്. ഇന്ന് ഗൾഫ് നാടുകളിൽ നിർമ്മാണ രംഗത്ത് ഏറ്റവും മികച്ച സംഭാവനകൾ നൽകിയ വ്യക്തികളിൽ പ്രധാനപ്പെട്ട പേരുകളിൽ ഒന്ന് കെ ജി ബാബുരാജന്റേതാണ്. 1988 മുതൽ 2008 വരെ അൽ ഹോട്ടി കമ്പനിയുടെ ജനറൽ മാനേജരായി അദ്ദേഹം പ്രവർത്തിച്ചു. പതിഞ്ഞ ശബ്ദത്തിൽ ഉറച്ച കാര്യങ്ങൾ കെ ജി ബാബുരാജൻ പറയുമ്പോൾ അവിടെ അറിവിന്റേയും പരിചയസമ്പത്തിന്റെയും പാണ്ഡിത്യമാണ് തെളിയുന്നത്. കെട്ടിട നിർമ്മാണ രംഗത്തെ അവസാന വാക്കുകളിൽ ഒന്നായി പരിഗണിക്കപെപ്ടുന്ന അമേരിക്ക ആസ്ഥാനമായ് പ്രവർത്തിക്കുന്ന ഇന്റർനാഷണൽ അക്രിഡിറ്റേഷൻ സർവീസിന്റെ അംഗങ്ങളിൽ ഒരേയൊരു ഇന്ത്യക്കാരൻ കൂടിയാണ് കെ ജി ബാബുരാജൻ. ഇതുകൂടാതെ നിരവധി എഞ്ചിനീയറിംഗ് അസോസിയേഷനുകളുടെ സജീവ അംഗം കൂടിയാണിദ്ദേഹം. പ്രവാ‍സ ജീവിതത്തിൽ നാല് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ഇന്ത്യൻ പ്രവാസികളുടെ ഇടയിൽ ടെക്നോക്രാറ്റ് എന്ന നിലയിൽ ഏറ്റവും ഉന്നതമായ സ്ഥാനവും അലങ്കരിക്കുന്നു. ബഹ്‌റൈൻ അടക്കമുള്ള രാജ്യങ്ങളിലെ സാമൂഹിക കലാസാംസ്കാരിക രംഗങ്ങളിലൊക്കെ തന്റേതായ സംഭാവനകൾ നൽകാൻ മുൻ‌കൈയ്യെടുക്കാറുള്ള കെ ജി ബാബുരാജൻ ഇന്റ്യൻ പ്രവാസികളുടെ പ്രത്യേകിച്ച് മലയാളികളുടെ ഇടയിൽ വിഷമഘട്ടങ്ങളിലൊക്കെ പകർന്ന് തന്ന ആത്മധൈര്യം ചെറുതല്ല. ഈക്കഴിഞ്ഞ കോവിഡ്കാലവും അതിന് ഉദാഹരണമാണ്. നാട്ടിലേയ്ക്ക് പോകാനാകാതെ വിഷമിച്ചവർക്ക് അതിനുള്ള വഴികൾ ഒരുക്കിക്കൊടുത്തും ധനസഹായങ്ങൾ നൽകിയും കെ ജി ബാബുരാജൻ തന്റെ സഹജീവി സ്നേഹം വ്യക്തമാക്കി.

മുൻപും നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. വർക്കല ശിവഗിരി മഠത്തിന്റെ ലൈഫ്ടൈം അച്ചീവ്‌മെന്റ് അവാർഡ്, ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ബികെ‌എസ് ഔട്ട് സ്റ്റാന്റിംഗ് ബഹ്‌റൈൻ അവാർഡ്, എൻ എസ് എസ് ബഹ്‌റൈന്റെ പ്രവാസി രത്ന അവാർഡ്, കൈരളി ബഹ്‌റൈൻ ബിസിനസ് അവാർഡ്, സാംസ ബിസിനസ് എക്സലൻസ് അവാർഡ് എന്നിവ അവയിൽ ചിലത് മാത്രം.

കഠിനാധ്വാനം, ആത്മാർത്ഥത, ചെയ്യുന്ന പ്രവർത്തനങ്ങളിലെ പൂർണ്ണസമർപ്പണം എന്നീ കാര്യങ്ങളാണ് കെ ജി ബാബുരാജനെ വ്യത്യസ്തമാക്കുന്നത്.

ഇന്ന് ബികെജി ഹോൾഡിംഗ് ബഹ്‌റൈന്റെ ചെയർമാൻ, ഖത്തർ എഞ്ചിനീയറിംഗ് ആന്റ് ലബോറട്ടറീസിന്റെ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ, ഖത്തർ ലഗൂണിന്റെ ഡയറക്ടർ, ക്വാളിറ്റി പൈലിംഗ് & കൺസ്ട്രക്ഷൻ കമ്പനിയുടെ ചെയർമാൻ, കാഡ്സ് ആർക്കിടെക്ച്വറൽ കൺസൾട്ടന്റ് കമ്പനിയുടെ ചെയർമാൻ, കൊച്ചി ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിന്റെ ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച് വരുന്ന കെ ജി ബാബുരാജൻ, ഒട്ടനവധി പ്രവാസി സംഘടനകളുടെ ലൈഫ് മെമ്പറും രക്ഷാധികാരിയുമാണ്.

പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരത്തിന് കെ ജി ബാബുരാജൻ എന്ന മനുഷ്യസ്നേഹിയേയും അതുപോലെ തന്നെ അദ്ധ്വാനിയായ ഒരു ടെക്നോക്രാറ്റിനേയും തിരഞ്ഞെടുക്കുമ്പോൾ പ്രവാസലോകത്ത് വിയർപ്പൊഴുക്കുന്ന മനുഷ്യരോടുള്ള ആദരവ് കൂടിയായി ഈ പുരസ്കാരം മാറുന്നു.