LiveTV

Live

Kerala

ഗവർണറുടെ പ്രസംഗത്തിനിടെ പ്രതിഷേധം; സ്പീക്കർ മൈക്ക് ഓഫാക്കി

സർക്കാരിന്‍റെ രാജി ആവശ്യപെട്ട് ബാനറും പ്ലക്കാഡുകളുമുയർത്തി മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷം ഗവർണറുടെ പ്രസംഗത്തെ നേരിട്ടത്

ഗവർണറുടെ പ്രസംഗത്തിനിടെ പ്രതിഷേധം; സ്പീക്കർ മൈക്ക് ഓഫാക്കി

ഡോളർകടത്തില്‍ ആരോപണ വിധേയനായ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്‍ മാറ്റിനിർത്തണമെന്നും മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു. സർക്കാരിന്‍റെ രാജി ആവശ്യപെട്ട് ബാനറും പ്ലക്കാഡുകളുമുയർത്തി മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷം ഗവർണറുടെ പ്രസംഗത്തെ നേരിട്ടത്. പി.സി ജോർജും സംഭ ബഹിഷ്കരിച്ചപ്പോൾ ബി.ജെ.പി അംഗം ഒ. രാജഗോപാൽ സഭയിൽ സഹകരിച്ചു.

ഗവർണർ സഭയിൽ എത്തി കൃത്യം 9 മണിക്ക് പ്രസംഗം തുടങ്ങി. ഉടനേ പ്രതിപക്ഷം എഴുന്നേറ്റു നിന്ന് മുദ്രാവാക്യം വിളികൾ തുടങ്ങി. നയപ്രഖ്യാപന പ്രസംഗത്തിനിടയിൽ മുദ്രാവാക്യം വിളികൾ തുടർന്നതോടെ സ്പീക്കർ പ്രതിപക്ഷ നിരയുടെ മൈക്ക് ഓഫാക്കി. ഇതോടെ പ്രതിപക്ഷ നേതാവ് എഴുന്നേറ്റ് നിന്ന് പ്രസംഗം ആരംഭിച്ചു. തെല്ലും ഗൗനിക്കാതെ പ്രസംഗം തുടർന്ന ഗവർണർ ഇടക്ക് പ്രതിപക്ഷത്തിന് നേരെ തിരിഞ്ഞു.

പക്ഷേ പ്രതിപക്ഷം അടങ്ങിയില്ല പ്ലക്കാർഡുകളും ബാനറുകളുമായി നടുത്തളത്തിൽ എത്തി. സ്പീക്കറുടെ ഡയസിനടുത്ത് എത്തിയതോടെ തന്‍റെ കടമ നിർവഹിക്കുന്നതിനെ തടസപ്പെടുത്തരുതെന്ന് ഗവർണർ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. തുടർന്ന് പിൻവാങ്ങിയ പ്രതിപക്ഷം സഭ വിട്ട് പുറത്തിറങ്ങി സഭാ കവാടത്തിൽ കുത്തിയിരുന്നു. നയപ്രഖ്യാപന പ്രസംഗം തീർന്ന് ഗവർണർ മടങ്ങുന്ന വഴിയിലും പ്രതിപക്ഷ പ്രതിഷേധം തുടർന്നു.

പ്രതിപക്ഷത്തിന് പിന്നാലെ പി.സി ജോർജും സഭ വിട്ട് പുറത്തു വന്നു. എന്നാൽ ബി.ജെ.പിയുടെ ഏക അംഗം ഒ. രാജഗോപാൽ സഭയിൽ സഹകരിച്ചത് ശ്രദ്ധേയമായി. സ്പീക്കറുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.